ചെന്നൈ: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തമിഴ്‌നാടിന്റെ രാഷ്ട്രീയത്തില്‍ ഇന്ന് വ്യക്തത കൈവരും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ഇന്ന് ഗവര്‍ണര്‍ സി. വിദ്യാറാവു തയ്യാറാകുമെന്നാണ് സൂചന.
ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഗവര്‍ണറെ ഇന്ന് ഗവര്‍ണറെ കാണും. അതേസമയം, ഡി.എം.കെ എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെയുടെ പ്രവര്‍ത്തകസമിതിയോഗം ഇന്ന് ചേരും. വൈകുന്നേരം അഞ്ചിന് വര്‍ക്കിംങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം ചേരുക.
അതേസമയം, ശശികലയും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എം.എല്‍.എമാരുടെ പിന്തുണയുണ്ടായിട്ടും ഗവര്‍ണര്‍ അനുവാദം നല്‍കാത്തതിനെതിരെ പ്രതിഷേധിക്കാന്‍ ശശികല പക്ഷം രംഗത്തെത്തുന്നതിന് സാധ്യതയുണ്ട്. എം.എല്‍.എമാര്‍ ഭൂരിഭാഗവും തനിക്കൊപ്പമുണ്ടെന്ന് ശശികല പറയുമ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പം എം.എല്‍.എമാരും, എം.പിമാരുമുള്‍പ്പെടെ 19പേരാണുള്ളത്.