X

നിരാഹാര സമരത്തിനൊരുങ്ങി ശശികല; രാഷ്ട്രീയമായി കരുത്താര്‍ജിച്ച് പനീര്‍ശെല്‍വം

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന. ശശികല തന്നെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താന്‍ സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി പിളര്‍ത്തുന്നതിന് ഗവര്‍ണര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ശശികല നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ മന്ത്രിസഭ രൂപീകരിക്കുന്നതിന് ക്ഷണിക്കണമെന്നാണ് ശശികല ആവശ്യപ്പെടുന്നത്.

ഇന്നലെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി ശശികല അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ചില പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് പുതിയ സമരമാര്‍ഗത്തിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നത്.
അതേസമയം, ദിവസംതോറും കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം കരുത്താര്‍ജിക്കുന്ന അവസ്ഥയാണുള്ളത്. പിന്തുണ പ്രഖ്യാപിച്ച് ബിജെപിയും പനീര്‍ശെല്‍വത്തിനൊപ്പമുണ്ട്. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ചിന്നമ്മ ക്യാമ്പില്‍ നിന്ന് ഇന്നു നാല് എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നത് ശശികലയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏഴ് ലോകസഭാ എംപിമാരും ഒരു രാജ്യസഭാ എംപിയുടെ പനീര്‍ശെല്‍വത്തെ പിന്തുണ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

chandrika: