ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിക്കുന്നതിന് ബദല്‍ പദ്ധതി മുന്നോട്ടുവെച്ച് എഐഎഡിഎംകെ നേതാവ് ശശികല നടരാജന്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ശശികലയുടെ പുതിയ നീക്കം. കേസില്‍ താന്‍ കുറ്റകാരിയാണെന്ന് കോടതി പ്രഖ്യാപിക്കുകയാണെങ്കില്‍ തന്റെ വിശ്വസ്തനായ ഇടപ്പള്ളി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് ശശികലയുടെ തീരുമാനം. നേരത്തെ തന്റെ സഹോദര പുത്രനെ മുഖ്യമന്ത്രിയാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ ജനരോഷം ഭയന്ന് തീരുമാനം മാറ്റുകയായിരുന്നു. അതേസമയം പിന്തുണ ലഭിക്കുന്നതിന് ശശികല ഒളിവില്‍ പാര്‍പ്പിച്ച 130 എംഎല്‍എമാര്‍ കാഞ്ചീപുരം-ചെന്നൈ അതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഇതില്‍ 30 പേര്‍ ശശികലയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഉപവാസസമരം ആരംഭിച്ചിട്ടിട്ടുണ്ട്.
അതിനിടെ, ശശികലയെ പിന്തുണക്കില്ലെന്ന നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തുവന്നു. ശശികലക്ക് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ അത് അറിയിക്കാന്‍ അവരെ സ്വന്തരായി വിടുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഖുശ്ബു പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വരുന്നത് നാണക്കേടാണെന്നും സംസ്ഥാനത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എസ്.തിരുനാവുക്കരസ് മാത്രമാണ് നിലവില്‍ ശശികലക്കു പിന്തുണ പ്രഖ്യാപിച്ചത്.