X
    Categories: Views

നിഴലായി, ശക്തസാന്നിധ്യമായി മൃതദേഹത്തിനരികെ ശശികല

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും മൂന്ന് പതിറ്റാണ്ടായി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുകയും ചെയ്ത പുരുട്ചി തലൈവി ജെ ജയലളിതയുടെ അന്ത്യയാത്രയിലും നിഴലുപോലെ കൂടെ നിന്നത് വിശ്വസ്ത തോഴി ശശികല നടരാജന്‍.

ജയലളിതയുടെ കുടുംബാംഗങ്ങളേക്കാളും മൃതദേഹത്തിനിരുവശവും നിറഞ്ഞ് നിന്നത് ശശികലയുടെ കുടുംബാംഗങ്ങളായിരുന്നു. അമ്മയുടെ വിവാദങ്ങളും അകല്‍ച്ചയും വീണ്ടും ഒപ്പം ചേര്‍ത്ത് പിടിക്കലുമെല്ലാമായി ജയലളിതയ്‌ക്കൊപ്പം ശശികലയും വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ പുരുട്ചി തലൈവി ഓര്‍മയാകുമ്പോള്‍ അണ്ണാഡിഎംകെയില്‍ ഇനി അധികാരകേന്ദ്രം ആരെന്ന ചോദ്യത്തിന് ഉത്തരമായി പല കണ്ണുകളും ശശികല നടരാജനിലേക്ക് എത്തി നില്‍ക്കുന്നു. നിലവില്‍ ജയയുടെ മറ്റൊരു വിശ്വസ്തനായ ഒ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെങ്കിലും ഇത് പാര്‍ട്ടി ഐകകണ്‌ഠ്യേന നിലനില്‍ക്കുന്നുവെന്ന് മറ്റു പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നത് വ്യക്തമാണ്.

ജയയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം ഒരു നിമിഷം വിട്ടുമാറാതെ ശക്തമായ നിറ സാന്നിധ്യമായി ശശികല കൂടെയുണ്ടായിരുന്നു. ജയലളിതയുടെ മൃതദേഹം തോളിലേറ്റിയതും ശശികലയുടെ കുടുംബാഗങ്ങളാണ്. ആശ്രിതനും വിശ്വസ്തനും ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്ന പനീര്‍ശെല്‍വമോ മറ്റ് അണ്ണാഡിഎംകെ പ്രവര്‍ത്തകരോ അല്ല, എല്ലാത്തിനും മുന്നില്‍ ശശികല തന്നെ. കറുത്ത സാരിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി ശശികല നിഴലുപോലെ അവസാന യാത്രയിലും തൊട്ടരികില്‍ നിന്നു. പോയസ് ഗാര്‍ഡനിലേക്കുള്ള തിരിച്ചുവരവും ശക്തമായ സാന്നിധ്യവും അധികാരകേന്ദ്രമെന്ന വാര്‍ത്തയുമെല്ലാം ചുറ്റിതിരിയുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, ഇനി തമിഴകത്ത് ചര്‍ച്ചയാവുന്ന ഒരു രാഷ്ട്രീയ നാമമാകും ശശികല. ജയലളിതയുടെ രാഷ്ട്രീയ, വ്യക്തി ജീവിതത്തില്‍ ശശികലയുടെ പേര് ഒഴിവാക്കാനാവുന്ന ഒന്നല്ല.

തമിഴകത്തിന് അമ്മയുടെ തോഴി ചിന്നമ്മയാണ്. നിഴലായി നിന്ന അധികാര കേന്ദ്രം. ശശികലയ്ക്ക് അമ്മയിലും അതുവഴി അണ്ണാഡിഎംകെയിലുമുള്ള സ്വാധീനം പരസ്യമായ രഹസ്യമാണ്. മന്ത്രിസഭയിലുള്ളവരില്‍ ഭൂരിഭാഗവും അതിനാല്‍ ശശികലയുടെ വരുതിയിലാണെന്നും പറയപ്പെടുന്നു. പിന്‍ഗാമിയായി രാഷ്ട്രീയത്തിലേക്ക് ശശികല വന്നെത്തുമോയെന്ന ചോദ്യം ഉടലെടുക്കുന്നത് ഇവിടെയാണ്.

വീഡിയോ കട ഉടമയില്‍ നിന്ന് ചിന്നമ്മയായുള്ള ശശികലയുടെ പരിണാമം തെല്ലൊന്ന് അമ്പരപ്പിക്കുന്നതാണ്. എണ്‍പതുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയിലൂടെയാണ് ജയലളിത ശശികലയെ കണ്ടെടുക്കുന്നത്. ജയയുടെ ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന ശശികലയുടെ അപേക്ഷക്ക് ജയ ചെവിയും ഹൃദയവും നല്‍കി. അതിനിടയില്‍ ജയയെ നിരീക്ഷിക്കാന്‍ എംജിആര്‍ ഉപയോഗിച്ച ചാരയാണ് ശശികല നടരാജനെന്ന് പലരും അടക്കം പറഞ്ഞു. എളുപ്പത്തില്‍ എല്ലാവരേയും വിശ്വസിക്കുന്നതാണ് എന്റെ ജന്മസ്വഭാവമെന്ന് തുറന്ന് പറഞ്ഞ ജയക്ക് ശശികലയുമായി അടുക്കാന്‍ വലിയ കാലതാമസമുണ്ടായില്ല. എംജിആറിന്റെ ശവമഞ്ചത്തില്‍ നിന്ന് തള്ളിവീഴ്ത്തപ്പെട്ട ജയയെ താങ്ങിയ ശശികലയുടെ കഥകള്‍ ലോകം പറഞ്ഞു നടന്നു.

വൈകാതെ 1989ല്‍ ശശികല ജയക്കൊപ്പം പോയസ് ഗാര്‍ഡനിലെത്തി. പിന്നീട് പോയസ് ഗാര്‍ഡന്‍ ശശികലയുടെ നാടായ മന്നാര്‍ഗുഡിയുടെ ചെറുരൂപമായി. കാരണം ശശിയുടെ പരിചയക്കാരാണ് പോയസിലെ പരിചാരകവൃന്ദമായത്. 1991ല്‍ ജയ മുഖ്യമന്ത്രിയായതോടെ ശശികല അമ്മയുടെ മറ്റു കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരുടെ അനുവാദമില്ലാതെ ജയയെ കാണാന്‍ അനുമതി ലഭിക്കുക ദുഷ്‌കരമായി. ശശികലയുടെ മരുമകന്‍ സുധാകരന്‍ ജയയുടെ ദത്തുപുത്രനാവുകയും 1995ലെ സുധാകരന്റെ വിവാഹത്തിലെ ആറു കോടിയുടെ ആഡംബരം ജയയെ വെട്ടിലാക്കുകയും ചെയ്തു. ഇതോടെ വിമര്‍ശന മുനയമ്പുകള്‍ ഒടിക്കാന്‍ 1996ല്‍ ആദ്യമായി ജയ ശശികലയെ പരിത്യജിച്ചു. ഇനി ബന്ധമില്ലെന്നും ആരേയും നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും തന്നെ കരുവാക്കി ചിലര്‍ അഴിമതി നടത്തിയെന്നും ജയലളിത വ്യക്തമാക്കുകയും ചെയ്തു. പക്ഷേ അധികകാലം ശശികലയും ജയയും അകന്നുനിന്നില്ല. ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി.

പിന്നീട് കണ്ടതും ശശികലയുടെ ബന്ധുക്കളുടെ ഉയര്‍ച്ചയാണ്. പാര്‍ട്ടി വിഭാഗങ്ങളുടെ തലപ്പത്തും എം.എല്‍.എ, എം. പി സ്ഥാനങ്ങളിലേക്കും റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേറ്റ് മേഖലകളിലേക്കും ശശികലയോടൊപ്പമുള്ളവര്‍ ഉയര്‍ച്ച കൈവരിച്ചു. 2001-2006 കാലത്തില്‍ ജയലളിതയുടെ രണ്ടാം മുഖ്യമന്ത്രി സ്ഥാനാരോഹണത്തിലും ശശികലയും ബന്ധുക്കളും കരുത്താര്‍ജ്ജിച്ചു.

chandrika: