X

വിശ്വസ്തരെ ഏല്‍പ്പിച്ച് പരപ്പന അഗ്രഹാരയിലേക്ക്; ജയില്‍ പരിസരത്ത് നിരോധനാജ്ഞ

ചെന്നൈ: ചെന്നൈയില്‍ നിന്ന് ബാംഗളൂരുവിലേക്ക് തിരിച്ച ശശികല വൈകുന്നേരം അഞ്ചിന് ബാംഗളൂരുവില്‍ എത്തും. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയേണ്ടത്. ജയിലിലെ പ്രത്യേക കോടതിയിലേക്ക് റോഡ് മാര്‍ഗമാണ് ശശികല തിരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കോടതിയില്‍ ഹാജരാകാനാണ് സുപ്രീം കോടതി നിര്‍ദേശം.

ജയിലിലേക്ക് പോകുന്നതിന് മുമ്പ് ചെന്നൈയിലെ മറീനബീച്ചിലെത്തി ജയലളിതയുടെ ശവകുടീരത്തില്‍ ശശികല പുഷ്പാര്‍ച്ചന നടത്തി. വളരെ വികാരാധീതയായാണ് ശശികലയെ കണ്ടത്. തുടര്‍ന്ന് കാര്‍ മാര്‍ഗ്ഗമാണ് ബാംഗളൂരുവിലേക്ക് തിരിച്ചത്. സുരക്ഷാപ്രശ്‌നം പരിഗണിച്ചാണ് ശശികലക്ക് കോടതിയില്‍ മുറി ക്രമീകരിച്ചിട്ടുള്ളത്. പരപ്പന അഗ്രഹാര ജയില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍പോലീസ് സന്നാഹമാണ് ജയിലിന് പരിസരത്ത് വിന്യസിച്ചിട്ടുള്ളത്.

ജയലളിതയുടെ മരണശേഷമാണ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവുമായി ശശികല രംഗത്തെത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വത്തിന്റെ പ്രതികരണം ശശികലയെ അമ്പരപ്പിച്ചു. തുടര്‍ന്ന് വന്ന അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധിയും ശശികലക്ക് തിരിച്ചടിയായി. നാലുവര്‍ഷം തടവും പത്തുകോടി രൂപ പിഴയും അടക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ച് ജയിലിലേക്കും യാത്രയായി. അണ്ണാഡി.എം.കെ പാര്‍ട്ടിയില്‍ വിശ്വസ്തരെ നിയമിച്ചാണ് ശശികല പോകുന്നത്. ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശശികലയുടെ ബന്ധുക്കളെ (മന്നാര്‍ഗുഡി സംഘത്തെ) തിരിച്ചെടുത്താണ് ചിന്നമ്മ അണ്ണാഡിഎം.കെ.യെ തന്റെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നത്.

കുപ്രസിദ്ധ മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയും ശശികലയുടെ മരുമകനുമായ ടി.ടി.വി ദിനകരനേയും ഡോ.വെങ്കടേഷിനേയുമാണ് തിരിച്ചെടുത്തത്. ഇരുവരേയും ജയലളിത പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയതാണ്. ശശികലയുടെ അടുത്ത ബന്ധുക്കളാണ് ഇവര്‍. ടി.ടി.വി ദിനകരനെ അണ്ണാഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കുകയാണ് ശശികല ചെയ്തത്. വെങ്കടേഷിനെ പാര്‍ട്ടിയുടെ യുവവിഭാഗത്തിന്റെ ചുമതലയേല്‍പ്പെടുത്തുകയും ചെയ്തു.

chandrika: