ബാംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലായ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല 10കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ശശികല നടരാജന്‍ 10കോടി രൂപ പിഴയൊടുക്കണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ 13മാസം അധിക ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലക്ക് വിചാരണകോടതി വിധിച്ചിരിക്കുന്നത് നാലു വര്‍ഷം തടവുശിക്ഷയും പത്തുകോടി രൂപ പിഴയുമാണ്. വിചാരണക്കോടതിവിധി ബാംഗളൂരു ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ വിചാരണക്കോടതിവിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
നേരത്തെ ഈ കേസില്‍ 21ദിവസം ശശികല ജയിലില്‍ കഴിഞ്ഞിരുന്നു. ഇനി മൂന്ന് വര്‍ഷവും 11മാസവുമാണ് ശശികലക്കുള്ള ശിക്ഷ. എന്നാല്‍ പത്തുകോടി പിഴയടച്ചില്ലെങ്കില്‍ 13മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.