ബാംഗളൂരു: ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികല ആദ്യദിനമായ ഇന്നലെ തറയിലാണ് ഉറങ്ങിയത്. ജയിലില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് എഴുതിയ കത്തിലെ ആവശ്യങ്ങള്‍ ജയിലധികൃതര്‍ നിഷേധിച്ചു. 9234-ാം നമ്പര്‍ തടവുപുള്ളിയാണ് ശശികല. നാലുവര്‍ഷമാണ് ശശികലയുടെ ശിക്ഷാകാലാവധി.
രണ്ടുപേര്‍ക്കുള്ള സെല്ലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കൂടെയുള്ളത് ശിക്ഷിക്കപ്പെട്ട സഹോദര ഭാര്യ ഇളവരശിയാണോ എന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് രാവിലെ പുളിസാദവും ചമ്മന്തിയുമാണ് ശശികല കഴിച്ചത്. അതിനു മുമ്പ് അവര്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ തറയില്‍ കിടന്നുറങ്ങിയ ശശികലക്ക് കട്ടില്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമുണ്ട്. ഇത് പരിഗണിക്കുന്ന കാര്യം അധികൃതര്‍ ആലോചിക്കുന്നുണ്ട്.
ആരോഗ്യകാരണങ്ങളാല്‍ ഫസ്റ്റ് ക്ലാസ് സെല്‍ വേണമെന്ന ആവശ്യം ജയിലധികൃതര്‍ വീണ്ടും പരിഗണിക്കും. 24 മണിക്കൂര്‍ വൈദ്യസഹായവും ധ്യാനിക്കുന്നതിനുള്ള അവസരവും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം ഇന്നലെ നിരാകരിക്കപ്പെട്ടിരുന്നു. ജയിലില്‍ മെഴുകുതിരി നിര്‍മ്മാണത്തിനുള്ള തൊഴിലാണ് അവര്‍ക്ക് ലഭിക്കാന്‍ സാധ്യത.