X
    Categories: Views

ജയിലില്‍ ശശികലക്ക് മെഴുകുതിരി നിര്‍മ്മാണം, കൂലി 50 രൂപ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയോടെ അഴിക്കുള്ളിലായ വി.കെ ശശികലക്ക് വി.ഐ.പി പരിഗണനയൊന്നും ലഭിക്കില്ല. കാത്തിരിക്കുന്നത് മെഴുകുതിരി നിര്‍മ്മാണമെന്ന ജോലി. ദിവസരം 50 രൂപ കൂലി കിട്ടും. ഞായറാഴ്ച ഒഴിവില്ല. മൂന്ന് സാരിയാണ് ശശികലക്ക് അനുവദിച്ചിരിക്കുന്നത്. രണ്ട് സഹതടവുകാരും ശശികലക്ക് കൂട്ടിനുണ്ട്. ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ശശികല ശിക്ഷാകാലാവധി പൂര്‍ത്തിയാക്കേണ്ടത്. നാല് വര്‍ഷമാണ് ശിക്ഷയെങ്കിലും ഇതെ കേസില്‍ നേരത്തെ കുറച്ച് കാലം ജയിലിനുള്ളിലായതിനാല്‍ ശിക്ഷാകാലാവധിയില്‍ ഇളവുണ്ടാകും.

ശശികല ആവശ്യപ്പെട്ട പ്രകാരം കിടക്ക, ടാബിള്‍ ഫാന്‍, ടിവി സെറ്റ് എന്നിവയും ജയിലധികൃതര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്ന് പാചകം ചെയ്ത ഭക്ഷണം അനുവദിക്കണമെന്ന ആവശ്യം ജയിലധികൃതര്‍ തള്ളിയതായാണ് റിപ്പോര്‍ട്ട്. 6.30ന് പ്രഭാത ഭക്ഷണം, 11.30ന് ലഞ്ച്, നാല് മണിക്ക് ചായ വൈകീട്ട് 6.30ന് ഡിന്നര്‍ എന്നിങ്ങനെയാണ് ജയിലിനുള്ളിലെ ഭക്ഷണക്രമം. ജയില്‍ ചട്ടങ്ങളുമായി ശശികല പൊരുത്തപ്പെടേണ്ടിവരും.

ഇന്ന് വൈകുന്നേരത്തോടെയാണ് ശശികല ജയിലിലെത്തിയത്. ജയലളിതയുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ശശികല ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അതേസമയം ജയില്‍വളപ്പില്‍ സംഘര്‍ഷമുണ്ടായെങ്കിലും പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. അതേസമയം തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇപ്പോഴും ശമനമായിട്ടില്ല. ഇരു പക്ഷവും തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ഗവര്‍ണറുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

chandrika: