വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, ഞങ്ങളുടെ കേരള സ്റ്റോറി അല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സിനിമക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിര്‍മിച്ച ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
32,000 പേരെ മതംമാറ്റിയെന്ന സംഘ്പരിവാര്‍ വാദങ്ങള്‍ തെളിയിക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ മേയ് അഞ്ചിന് തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. ഈ ചിത്രത്തെ കേരളീയ സമൂഹം ബഹിഷ്കരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.