ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ മാനനഷ്ടക്കേസ്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ പരിപാടിക്കിടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ് നല്‍കിയത്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ പ്രസ്താവന അര്‍ണാബില്‍ നിന്നുണ്ടായെന്നും സംപ്രേക്ഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്നും ചൂണ്ടിക്കാട്ടിയാണ് നീക്കം. റിപ്പബ്ലിക് ടി.വി സംപ്രേക്ഷണം ആരംഭിച്ച ദിവസങ്ങളില്‍ തന്നെ സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. അര്‍ണാബിനും റിപ്പബ്ലിക് ചാനലിന്റെ ഉടമസ്ഥ സ്ഥാപനമായ അര്‍ഗ് ഔട്ട്‌ലിയര്‍ മീഡിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് കേസ്. രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തരൂരിനു വേണ്ടി അഭിഭാഷകരായ മുഹമ്മദ് അലി ഖാന്‍, ഗൗരവ് ഗുപ്ത എന്നിവരാണ് ഹാജരാകുന്നത്.