ഇപ്പോള്‍ ട്വിറ്ററിലെ വലിയൊരു ഇഡ്ഡലിയുമായി ബന്ധപ്പെട്ടാണ്. ഇഡ്ഡലിയെ കളിയാക്കി ഒരു വിദേശി പങ്കുവച്ച ട്വീറ്റും അതിനു പിന്നാലെ വന്ന മറുട്വീറ്റുകളുമാണ് ചര്‍ച്ചയാകുന്നത്. എംപി ശശി തരൂര്‍ പോലും ഇഡ്ഡലി വിവാദത്തില്‍ കമന്റുമായെത്തി.
പ്രൊഫസര്‍ എഡ്വാര്‍ഡ് ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഇഡ്ഡലിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തില്‍ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാര്‍ഡിന്റെ ട്വീറ്റ്. ഈ ട്വീറ്റ് മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവച്ചതോടെയാണ് ശശി തരൂരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മറുട്വീറ്റുമായെത്തി തന്റെ ഇഡ്ഡലിയോടുള്ള വികാരം പങ്കുവച്ചു.
”അതെ മകനേ, ശരിയാണ് ലോകത്ത് യഥാര്‍ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം എന്നത് നേടിയെടുക്കാന്‍ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉല്‍കൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ”
അവിടെയും അവസാനിച്ചില്ല ഇഡ്ഡലി കഴിക്കേണ്ട വിധത്തെക്കുറിച്ചും എഡ്വേര്‍ഡിനായി തരൂര്‍ ട്വീറ്റ് ചെയ്തു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേര്‍ത്ത ചമ്മന്തിയും നെയ്യും ചേര്‍ത്തു കഴിച്ചുനോക്കൂ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ മറുപടിയുമായി എഡ്വേര്‍ഡ് എത്തുകയും ചെയ്തു. താന്‍ സാമ്പാറിന്റെയും ചട്‌നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി രംഗത്തെത്തി. തരൂരിനു പിന്നാലെ നിരവധി പേര്‍ ഇഡ്ഡലി പ്രണയത്തെ പങ്കുവച്ച് ട്വീറ്റുമായെത്തുകയും ചെയ്തു.