X
    Categories: indiaNews

‘ഗാന്ധിയും അംബേദ്കറും ഭഗത് സിങ്ങും തടവറയില്‍’ ; രൂക്ഷവിമര്‍ശനവുമായി തരൂരിന്റെ ട്വീറ്റ്

ഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹദ് വ്യക്തികള്‍ ഇന്നായിരുന്നു ജീവിച്ചിരുന്നതെങ്കില്‍ അവര്‍ ജയിലില്‍ കിടക്കുമായിരുന്നെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുമായി ശശി തരൂര്‍. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ ഭരണത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഏതു വിധത്തിലായിരിക്കും കൈകാര്യം ചെയ്യപ്പെടുകയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് തരൂര്‍ ഇട്ടത്.

ഗാന്ധിജി അടക്കം ഇന്ത്യയുടെ അഭിവന്ദ്യരായ സ്വാതന്ത്ര്യ സമരഭടന്മാര്‍ ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ പേരില്‍ ജയിലില്‍ പോകുമായിരുന്നെന്ന് സൂചിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് തരൂരിന്റെ ട്വീറ്റ്.

തരൂര്‍ പങ്കുവെച്ച ട്വീറ്റിലെ ചിത്രത്തിലുള്ള വിവരണങ്ങള്‍ ഇങ്ങനെ:

‘ഹിന്ദു ആചാരങ്ങളെ ചോദ്യംചെയ്തതിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അംബേദ്കര്‍ അഴിക്കുള്ളിലാകുന്നത്. ന്യായാധിപന്‍മാരെ വിമര്‍ശിച്ചതിന്റെ പേരില്‍ വിചാരണ കാത്ത് കഴിയുകയാണ് മഹാത്മാ ഗാന്ധി. മതദേശീയതയെ എതിര്‍ത്തതിന്റെ പേരില്‍ ശത്രുത പരത്തുന്നു എന്ന കുറ്റമാണ് മൗലാനാ ആസാദിന്റെ പേരില്‍ ചാര്‍ത്തിയിരിക്കുന്നത്.

വിപ്ലവാത്മകമായ കവിതകള്‍ എഴുതിയതിന് യുഎപിഎ ചുമത്തി ഭീകരവാദക്കുറ്റത്തിന് വിചാരണ കാത്തു കിടക്കുകയാണ് സരോജിനി നായിഡു. പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാതെ ദേശീയ സുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ് ഭഗത് സിങ്. ദുര്‍നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യംനിഷേധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്.’

അജ്ഞാതനായ ഒരാള്‍ പങ്കുവെച്ച ചിത്രം എന്ന മുഖവുരയോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് നാം പ്രശംസിച്ച വാക്കുകളും പ്രവൃത്തികളും ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി മാറിയിരിക്കുന്നെന്ന് തരൂര്‍ കുറിച്ചു.

 

Test User: