X
    Categories: MoreViews

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

സ്വന്തം ലേഖകന്‍
കോഴിക്കോട്: സഹായം തേടിയെത്തിയ സ്ത്രീയോട് ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. ഇന്നലെ രാവിലെ മുതല്‍ ‘മംഗളം’ ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തുടക്കത്തില്‍ വിഫലശ്രമം നടത്തിയ മന്ത്രി പിന്നീട് രാജിവെക്കുകയായിരുന്നു.
രാവിലെ പത്തരക്ക് ബാലുശ്ശേരിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവേയാണ് മന്ത്രി വാര്‍ത്ത സംബന്ധിച്ച വിവരം അറിയുന്നത്. അതോടെ ജില്ലയിലെ മറ്റു പരിപാടികളെല്ലാം റദ്ദാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. മൂന്നുമണിയോടെ നാടകീയമായി വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ആരോപണം നിഷേധിക്കാന്‍ മന്ത്രി തയാറായില്ല. ശരീരഭാഷയും കുറ്റസമ്മതത്തിന്റേതായിരുന്നു.
”എന്നെ കുറിച്ച് ഇന്നത്തെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ എന്നെ ഒരു ആവശ്യത്തിന് സമീപിച്ച വ്യക്തിയുമായി ഞാന്‍ സഭ്യേതരമല്ലാത്ത ഭാഷയില്‍ വര്‍ത്തമാനം പറയുന്നതായി വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കാറുള്ളവരോട് നല്ല നിലയിലാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതായി തോന്നിയിട്ടില്ല”-ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപിടിക്കുന്നതിന്റെ ഭാഗമാണ് രാജി. തന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും മുന്നണിയിലെ പ്രവര്‍ത്തകര്‍ക്കും തലകുനിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പകരം മന്ത്രിയെ നിശ്ചയിക്കുന്നത് തന്റെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ചായിരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ആരോപണ വിഷയത്തില്‍ ഏതുവിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണ്. സംഭവവുമായി ബന്ധപ്പെട്ട ശബ്ദരേഖ കേട്ടിട്ടില്ല. കേള്‍ക്കാത്ത ശബ്ദരേഖയുടെ പേരില്‍ രാജി വെക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ആരോപണവിധേയനായി തുടരാന്‍ താല്‍പര്യമില്ല എന്നായിരുന്നു മറുപടി. പരാതിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ല. രാജിയോടെ താന്‍ സ്വതന്ത്രനായി. ഇനി പരാതിയുടെ ശരിതെറ്റുകള്‍ അന്വേഷിക്കാം. സംഭവത്തെപറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമല്ലോ എന്നായിരുന്നു മറുപടിയെന്നും ശശീന്ദ്രന്‍ പറഞ്ഞു. താന്‍ ആരോടും മോശമായി പെരുമാറുന്ന ആളല്ല. ഒരു സ്ത്രീയോടും സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയും വിജയിച്ച് നിയമസഭയില്‍ എത്തിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കുട്ടനാട് നിന്നുള്ള എന്‍.സി.പി അംഗം തോമസ് ചാണ്ടിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നത്. ഒടുവില്‍ ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായി രണ്ടര വര്‍ഷക്കാലം ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിണറായി വിജയന്റെ താല്‍പര്യപ്രകാരമായിരുന്നു ഇത്. എന്‍.സി.പി അഖിലേന്ത്യാ നേതൃത്വവും ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനോട് അനുകൂലിക്കുകയായിരുന്നു. ശശീന്ദ്രന്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയെചൊല്ലി മുന്നണിക്കകത്ത് പൊതുവെയും സി.പി. എമ്മില്‍ പ്രത്യേകമായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ലൈംഗികാരോപണത്തിന്റെ പേരില്‍ മന്ത്രിക്ക് പടിയിറങ്ങേണ്ടിയും വന്നു. 2011ലും 2016ലും എലത്തൂരിനെ പ്രതിനിധീകരിച്ച ശശീന്ദ്രന്‍ 2006ല്‍ ബാലുശ്ശേരി, 1982ല്‍ എടക്കാട്, 1980ല്‍ പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയില്‍ എത്തി. എന്‍.സി.പിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

chandrika: