X

പെണ്‍ കെണിയില്‍ ശശീന്ദ്രന്‍ വീണു; പുതിയ മന്ത്രി തോമസ് ചാണ്ടി കിളിരൂര്‍ കേസിലെ ആരോപണ വിധേയന്‍

ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്ക് മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയന്‍ തോമസ് ചാണ്ടി. ഒരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണമാണ് ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ചതെങ്കില്‍ പകരം മന്ത്രിയായി എത്തുന്നത് കിളിരൂര്‍ കേസിലെ ആരോപണ വിധേയനാണെന്നതാണ് അമ്പരപ്പിക്കുന്നത്.

കഴിഞ്ഞ 26-നാണ് മംഗളം ചാനല്‍ ശശീന്ദ്രന്റെ രാജിയിലേക്കെത്തിച്ച സംഭാഷണം പുറത്തുവിട്ടത്. സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. എന്നാല്‍ രണ്ടു എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിക്ക് മറ്റൊരു മന്ത്രി വെല്ലുവിളിയാവുകയായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ എതിര്‍പ്പുമൂലം മന്ത്രിസ്ഥാനത്ത് നിന്ന് ആദ്യതവണ മാറ്റിനിര്‍ത്തിയ തോമസ് ചാണ്ടിയെതന്നെ മന്ത്രിയാക്കാന്‍ ഒരുുങ്ങുകയായിരുന്നു എന്‍.സി.പി. എന്നാല്‍ പെണ്‍കെണിയില്‍ വീണ മന്ത്രി ആ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമ്പോള്‍ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് കിളിരൂര്‍ കേസിലെ ആരോപണവിധേയനാണെന്നുള്ളത് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.

2004-ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചാണ് കിളിരൂര്‍ കേസിലെ പെണ്‍കുട്ടി പീഢിപ്പിക്കപ്പെടുന്നത്. കേസിലെ മുഖ്യപ്രതി ലതാ നായരാണ് ശാരിയെ റിസോര്‍ട്ടിലേക്കെത്തിച്ചത്. ഇവിടെവെച്ച് പലരും പെണ്‍കുട്ടിയെ പീഢിപ്പിച്ചിരുന്നു. 2003-ല്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടി 2004-ല്‍ പ്രസവത്തിന് ശേഷം അണുബാധ വന്നാണ് മരണത്തിന് കീഴടങ്ങുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ചവരില്‍ തോമസ് ചാണ്ടിയുണ്ടോയെന്ന് തെളിഞ്ഞിട്ടില്ല. കേസില്‍ ഒരു വി.ഐ.പി ഉണ്ടെന്ന വി.എസിന്റെ പരാമര്‍ശം തോമസ് ചാണ്ടിയെ ഉന്നംവെച്ചുള്ളതായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. മുഖ്യമന്ത്രിയായാല്‍ പെണ്‍വാണിഭക്കാരെ കൈയ്യാമം വെച്ചുനടത്തും വി.എസ് പറഞ്ഞിരുന്നു. എന്നാല്‍ വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിട്ടും അതേക്കുറിച്ച് പിന്നീടൊരു വിവരവും ഉണ്ടായില്ല. കേസന്വേഷിച്ചിരുന്ന ശ്രീലേഖ കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയെ ചോദ്യം ചെയ്തുവെന്നും കേസില്‍ വി.ഐ.പി ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം ശാരിയുടെ മാതാപിതാക്കള്‍ എതിര്‍ക്കുകയാണുണ്ടായത്.

കേരള മന:സാക്ഷിയെ ഞെട്ടിച്ച കിളിരൂര്‍ കേസിലെ ആരോപണ വിധേയന്‍ ആ സംഭവത്തിന് ശേഷം പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇടതുസര്‍ക്കാരില്‍ തന്നെ മന്ത്രിയായി എത്തുകയാണ്. ഇതിന് പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

chandrika: