എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണം മാധ്യമ പ്രവര്‍ത്തകയുമായുള്ളതാണെന്ന് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ വെളിപ്പെടുത്തി. സംഭവിച്ചതില്‍ മാപ്പപേക്ഷിക്കുന്നുവെന്നും വ്യാഴാഴ്ച രാത്രി വൈകി പുറത്ത് വിട്ട വീഡിയോവിലൂടെ ചാനല്‍ മേധാവി തുറന്നു പറഞ്ഞു.
ഇപ്പോഴെങ്കിലും സത്യം തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്നും മന്ത്രി പദവിയെക്കുറിച്ചും മറ്റും പാര്‍ട്ടി തീരുമാനിക്കുമെന്നും മുന്‍ ഗതാഗത മന്ത്രി പറഞ്ഞു. മംഗളം ചാനലിന്റെ മാപ്പ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എ.കെ ശശീന്ദ്രന്റെ പ്രതികരണം.
ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമപ്രവര്‍ത്തകയാണെന്നുമാണ് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. വീഴ്ച ആവര്‍ത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചാനല്‍ മേധാവി പറഞ്ഞു.
സ്റ്റിങ് ഓപറേഷനായിരുന്നു ഇതെന്നും വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വീഡിയോവില്‍ പറയുന്നു.
അതേസമയം, ജുഡീഷണല്‍ അന്വേഷണത്തിന് പുറമെ പൊലീസ് അന്വേഷണം കൂടി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്രകശ്യപിനാണ് അന്വേഷണ സംഘത്തിന്റെ നേതൃചുമതല.