X
    Categories: More

ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ട് അന്വേഷണം ആവശ്യപ്പെട്ടു; മുഖ്യമന്ത്രി 12.30ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രാജി വെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന രാവിലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്നും രാജി വെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

അതേ സമയം ശശീന്ദ്രനെതിരായ ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വഷണത്തിന് തീരുമാനമായത്. അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യോഗതീരുമാനങ്ങളും തുടര്‍നടപടികളും വിശദീകരിച്ച് മുഖ്യമന്ത്രി 12.30ന് മാധ്യമങ്ങളെ കാണും. അന്വേഷണ സംഘത്തെ തീരുമാനിച്ചിട്ടെല്ലെന്നാണറിയുന്നത്.

ഞായറാഴ്ച ഒരു സ്വകാര്യ ചാനലാണ് ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച വാര്‍ത്ത പുറത്തുവിട്ടത്. അജ്ഞാതയായ സ്ത്രീയോട് ലൈംഗിക ചുവയുളള പുരുഷശബ്ദമാണ് പുറത്തുവിട്ട ഫോണ്‍സംഭാഷണത്തിലുള്ളത്. പരാതിക്കാരായി ആരും നിലവിലില്ലാത്തതിനാല്‍ അന്വേഷണം എങ്ങനെയായിരിക്കണമെന്നതെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായറിയുന്നു.

chandrika: