സാര്‍വദേശീയം/ കെ.മൊയ്തീന്‍കോയ
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഫിലിപ്പീന്‍സില്‍ അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്‍ഡ് നാവോ ദ്വീപിലെ ബാങ്‌സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്‍കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്‍തോ അംഗീകാരം നല്‍കിയതോടെ ഫിലിപ്പീന്‍സ് സര്‍ക്കാറും കലാപകാരികളും ഒത്തുതീര്‍പ്പില്‍. ഈ വര്‍ഷാവസാനം ഹിതപരിശോധന നടത്തി സമാധാന കരാര്‍ നടപ്പാക്കാനാണ് ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളത്. ഫിലിപ്പീന്‍സ് സര്‍ക്കാറും മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടും 22 വര്‍ഷമായി തുടര്‍ന്നുവരുന്ന ചര്‍ച്ചയില്‍ കഴിഞ്ഞാഴ്ചയാണ് ധാരണയിലെത്തിയത്. ഇതിനിടെ നാല് പ്രസിഡണ്ടുമാര്‍ ഫിലിപ്പീന്‍സില്‍ അധികാരം കയ്യാളിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒന്നേകാല്‍ ലക്ഷം ജീവന്‍ നഷ്ടമായി. പതിനായിരങ്ങള്‍ ഭവന രഹിതര്‍. അതിലധികം പരിക്കേറ്റ് ചികിത്സയില്‍. മര്‍ദ്ദിച്ചൊതുക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയം കാണാനാവാതെയാണ് അവസാനം സമാധാനം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പ്‌വെക്കുന്നത്.
കരാര്‍ പ്രകാരം ബാങ്‌സാ മോറോ പ്രവിശ്യക്ക് സ്വയംഭരണം അനുവദിക്കും. കലാപകാരികളായ മോറോ ഇസ്‌ലാമിക് ലിബറേഷന്‍ ഫ്രണ്ടിന്റെ 40,000 അംഗങ്ങളുള്ള സായുധ വിഭാഗത്തെ പിരിച്ചുവിടാനും ധാരണയുണ്ട്. ബില്ലിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭ്യമായതോടെ ധാരണയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഫ്രണ്ട് ചെയര്‍മാന്‍ അല്‍ഹാജ് മുറാദ് ഇബ്രാഹീം പ്രതീക്ഷ പ്രകടിപ്പിച്ചു. കലാപകാരികളിലെ പ്രധാന ഗ്രൂപ്പ് ആണ് മുറാദ് ഇബ്രാഹീമിന്റെ വിഭാഗം. മറ്റ് കൊച്ചു വിഭാഗങ്ങളും ഒത്തുതീര്‍പ്പിന് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. മറുവശത്തും അസ്വസ്ഥതയുണ്ട്. ബില്ലിന് അംഗീകാരം നല്‍കാന്‍ നേരത്തെ പ്രസിഡണ്ട് ദ്യുത്തര്‍തോ തീരുമാനിച്ചിരുന്നുവെങ്കിലും പാര്‍ലമെന്റില്‍ അട്ടിമറി നീക്കം നടന്നു. പത്ത് വര്‍ഷം രാജ്യം ഭരിച്ചിരുന്ന ഗ്ലോറിയ മകപഗല്‍ അറോയോ പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡണ്ടിനെ ഞെട്ടിച്ചുവെങ്കിലും അദ്ദേഹം പിറകോട്ട് പോയില്ല. നേരത്തെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിന് വിധേയയായി അഞ്ച് വര്‍ഷം തടവില്‍ കഴിഞ്ഞ പശ്ചാത്തലമുള്ള റോയോയുടെ തിരിച്ചുവരവ് ഫിലിപ്പീന്‍സ് രാഷ്ട്രീയത്തെ തകിടം മറിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.
ഫിലിപ്പീന്‍സ് സര്‍ക്കാറും മോറോകളുമായുള്ള സമാധാന ശ്രമത്തിന് നിരവധി നീക്കം നടന്നു. 1976ല്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലും 1996ല്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലും വെച്ച് സമാധാന കരാറെഴുതിയതാണ്. മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന നജീബ് റസാഖും സമാധാന ശ്രമങ്ങള്‍ക്ക് മുന്നില്‍ നിന്നു. ഇസ്‌ലാമിക രാഷ്ട്ര സംഘടനയായ ഒ.ഐ.സിയുടെ നേതൃത്വത്തിലാണ് അന്നത്തെ ചെയര്‍മാന്‍ കൂടിയായ ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ സാന്നിധ്യത്തില്‍ ട്രിപ്പോളിയില്‍ സമാധാന സമ്മേളനം വിളിച്ച്‌ചേര്‍ത്തത്. ഫിലിപ്പീന്‍സ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒ.ഐ.സി നടത്തിയ ശ്രമത്തില്‍ ലിബിയക്ക് പുറമെ സഊദി അറേബ്യ, സെനഗല്‍, സോമാലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളും പങ്കാളികളായി. ചര്‍ച്ച നീളുന്നതിനിടെ ഇരുപക്ഷത്തും മാറ്റം. ഫിലിപ്പീന്‍സില്‍ സര്‍ക്കാറുകളില്‍ മാറ്റം, കലാപകാരികളായ മോറോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് പിളര്‍ന്ന് ഇസ്‌ലാമിക് ഫ്രണ്ട് രൂപീകരിക്കപ്പെട്ടു. 1977ല്‍ നാഷണല്‍ ഫ്രണ്ട് ചെയര്‍മാന്‍ ഹാഷിം സലാമത്തിനെ സംഘടന പുറത്താക്കി.
പതിനൊന്ന് കോടിയാണ് ഫിലിപ്പീന്‍സ് ജനസംഖ്യ . 22 ശതമാനം മുസ്‌ലിംകള്‍. പേരില്ലാത്ത ആയിരം ഉള്‍പ്പെടെ അയ്യായിരം ദ്വീപുകള്‍ അടങ്ങുന്നതാണീ രാജ്യം. വലിയ പരീക്ഷണത്തെ അതിജീവിച്ച ജനത. ക്രിസ്താബ്ദം 1492ല്‍ സ്‌പെയിന്‍ കീഴടക്കി ക്രൈസ്തവ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം ഫിലിപ്പീന്‍സ് ആയിരുന്നു. (എണ്ണൂറ് വര്‍ഷത്തോളം സ്‌പെയിന്‍ ഭരണം മുസ്‌ലിംകളുടെ കയ്യിലാണുണ്ടായത്.) ഈ ആവേശമാണ്, ഫിലിപ്പീന്‍സ് കീഴടക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ‘മലേഷ്യയേക്കാള്‍ മനോഹര രാജ്യം’ എന്നറിയപ്പെട്ടിരുന്ന രാജ്യം അക്രമകാരികളില്‍ നിന്ന് രക്ഷിക്കാന്‍ ഫിലിപ്പീന്‍സ് ഭരിച്ചിരുന്ന മുസ്‌ലിം ഭരണകൂടം ചെറുത്തുനില്‍പ്പ് നടത്തി. എന്നാല്‍ വടക്ക് ഭാഗത്തെ പ്രാകൃത മതക്കാരുടെ സഹായത്തോടെ അവര്‍ കടന്നുകയറി. പിന്നീട് രാജ്യമാകെ സ്വാധീനം ഉറപ്പിച്ചു. അക്കാലത്ത് സ്‌പെയിന്‍ ഭരിച്ചിരുന്ന ഫിലിപ്പ് രാജാവിന്റെ പേരാണ് ഈ രാജ്യത്തിന് പിന്നീട് നല്‍കിയത്. വടക്കന്‍ മേഖലയില്‍ നിന്ന് മുസ്‌ലിംകളെ തുടച്ചുനീക്കി. തെക്കന്‍ മേഖലയിലെ മിന്‍ഡാനോവോ, സോളോ, ബാലിന്‍, പലാവന്‍ എന്നീ ദ്വീപുകളില്‍ മുസ്‌ലിം ചെറുത്ത്‌നില്‍പ്പ് ശക്തമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അമേരിക്കന്‍ ആക്രമണത്തില്‍ സ്‌പെയിന്‍ പരാജയപ്പെട്ടു. 1899ല്‍ അമേരിക്കയുടെ കോളനിയായി. അമേരിക്കയും പഴയ നിലപാട് തുടര്‍ന്നു.
മുപ്പത് വര്‍ഷം അമേരിക്കയുമായി മോറോകള്‍ ഏറ്റുമുട്ടി. ഒരു ലക്ഷം പേര്‍ മരിച്ചു. അഞ്ച് ലക്ഷം പേര്‍ നാടുവിട്ട് അഭയാര്‍ത്ഥികളായി. 10 ലക്ഷം ഹെക്ടര്‍ ഭൂമി മുസ്‌ലിംകളില്‍ നിന്ന് അമേരിക്ക കയ്യടക്കി. വീടുകളും പള്ളികളും മദ്രസകളും തകര്‍ത്തു. രണ്ടാം ലോക യുദ്ധ ഘട്ടത്തില്‍ കലാപകാരികളുമായി അമേരിക്ക ഒത്തുതീര്‍പ്പിന് തയാറായി. പക്ഷേ, അവയൊന്നും ശാശ്വതമായില്ല. 1943-ല്‍ ജപ്പാന്‍ ചില പ്രധാന ദ്വീപുകള്‍ കയ്യടക്കി. 1949ല്‍ അമേരിക്ക ഫിലിപ്പീന്‍സിന് സ്വാതന്ത്ര്യം നല്‍കിയെങ്കിലും മുസ്‌ലിംകള്‍ക്ക് നേരെയുള്ള പീഡനം അവസാനിച്ചില്ല. 1965ല്‍ അധികാരത്തില്‍ വന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെ മുസ്‌ലിം മര്‍ദ്ദനം ഭീകരമായി. ഫിലിപ്പീന്‍സ് സര്‍ക്കാറും ലിബറേഷന്‍ ഫ്രണ്ടും ഒപ്പുവെച്ച കരാറിലൂടെ ആ രാജ്യത്ത് സമാധാനം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടല്‍ ഇല്ലാതെ വരികയാണെങ്കില്‍ തീര്‍ച്ചയായും ഹിതപരിശോധന കുറ്റമറ്റ നിലയില്‍ നടക്കാനാണ് സാധ്യത. ഏഷ്യയില്‍ ആഭ്യന്തര സംഘര്‍ഷം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ‘ഫിലിപ്പീന്‍സ് സമാധാനം’ മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല.