സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ ന്യായീകരിച്ച് നൃത്ത സംവിധായിക സരോജ്ഖാന്‍. കാസ്റ്റിങ് കൗച്ച് ഒരു പ്രശ്‌നമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം കിട്ടാനുള്ള മാര്‍ഗ്ഗമാണെന്നും സരോജ്ഖാന്‍ പറഞ്ഞു.
സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് വരികയായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന നൃത്ത സംവിധായികയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരുത്തലുമായി അവര്‍ രംഗത്തെത്തുകയായിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും സരോജ് ഖാന്‍ പറഞ്ഞു.
‘സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. കാസ്റ്റിങ് കൗച്ച് ഒരു ചൂഷണമല്ല. അതിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്‍കുന്ന ഒരു സംഗതിയാണെന്നുമായിരുന്നു സരോജ് ഖാന്റെ പരാമര്‍ശം. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു സരോജ് ഖാന്റെ പ്രതികരണം.
‘ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാറിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ്’ സരോജ് ഖാന്‍ പറഞ്ഞു. എന്നാല്‍ വിവാദമായതോടെ മാപ്പപേക്ഷയോടെ അവര്‍ രംഗത്തെത്തി.