X
    Categories: MoreViews

ക്യാന്‍സര്‍ രോഗിയായ മകനൊപ്പം ക്യൂ നിന്ന മാതാവിന് കിട്ടിയത് രണ്ടായിരത്തിന് ഒറ്റ രൂപാനാണയങ്ങള്‍

ലക്‌നൗ: ചികിത്സക്കായാലും കല്യാണ ആവശ്യത്തിനായാലും മറ്റു ചിലവിനായാലും പണം മാറ്റിയെടുക്കാനുള്ള ഓട്ടത്തിനിടയിലാണ് ഓരോരുത്തരും. ക്യാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സാര്‍ത്ഥം ബാങ്കില്‍ പണം മാറാന്‍ പോയതാണ് ഉത്തര്‍പ്രദേശിലെ സര്‍ജുദേവി. അവര്‍ക്ക് കിട്ടിയ ചില്ലറയാണെങ്കിലോ 2,000 വരുന്ന ഒറ്റ രൂപാ നാണയങ്ങളും.

ക്യാന്‍സര്‍ ബാധിച്ച മകന് കീമോ ചെയ്യാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ ഖജ്ജിലെ 60വസ്സുള്ള സര്‍ജുദേവി ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുന്നത്. മണിക്കൂറുകള്‍ക്കുശേഷം കയ്യിലുള്ള രണ്ടായിരം രൂപ ചില്ലറയാക്കി ബാങ്കുകാര്‍ നല്‍കിയത് ഒരു രൂപാ നാണയങ്ങളായാണ്. രണ്ടായിരത്തിന് ലഭിച്ച ഒരു രൂപാനാണയങ്ങളുമായി വലയുകയായിരുന്നു അവര്‍. ഏകദേശം 17കിലോഗ്രാം ഭാരമുള്ള നാണയങ്ങളുമായുള്ള ബാഗുമായി വീട്ടിലെത്താന്‍ ആ അമ്മക്ക് കഴിയുമായിരുന്നില്ല. പിന്നീട് ക്യാന്‍സറിന്റെ ദുരിതം പേറുന്ന മകനെ തന്നെ ബാഗ് വീട്ടിലെത്തിക്കാന്‍ സര്‍ജുദേവി വിളിക്കുകയായിരുന്നു.

ബാങ്കിലെ വനിതാ ജീവനക്കാരിയോട് നാണയം മാറ്റിത്തരാന്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അവരത് ചെവിക്കൊണ്ടില്ലെന്ന് സര്‍ജുദേവി പറയുന്നു. മകന്റെ ചികിത്സക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചുതന്ന ഒരു ലക്ഷം രൂപയും നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവര്‍ പറയുന്നു. മകന് ചെയ്യാനുള്ള റേഡിയോ തെറാപ്പി ചികിത്സ പണം ആരും എടുക്കാത്തത് മൂലം മുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഇവിടുത്തെ ഒട്ടുമിക്ക വീടുകളിലും ഇതുതന്നെയാണ് സ്ഥിതി. കല്യാണ ആവശ്യങ്ങള്‍ക്കും മറ്റുമായി നീങ്ങിക്കൊണ്ടിരിക്കുന്ന പല വീടുകളിലും നോട്ട് പ്രതിസന്ധിയാണ്. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ തീരുമാനം ശരിയായില്ലെന്നും സര്‍ജുദേവി പറയുന്നു.

chandrika: