X

സരിത.എസ്.നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍

തിരുവനന്തപുരം: ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സരിതക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാത്തത് എന്താണെന്ന കോടതിയുടെ ചോദ്യത്തിനാണ് പൊലീസ് ഈ മറുപടി നല്‍കിയത്. കാട്ടാക്കട സ്വദേശി അശോക് കുമാറാണ് സരിതക്കെതിരെ പരാതി നല്‍കിയത്. അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലെംസ് പവര്‍ ആന്റ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരത്തെ മൊത്തം വിതരണാവകാശം സരിത വാഗ്ദാനം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇതിലൂടെ നാലര ലക്ഷം രൂപ സരിത തട്ടിപ്പ് നടത്തിയതായി പരാതിയില്‍ പറയുന്നു.
കേസില്‍ വലിയതുറ കോടതി സരിതക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതിയായ സരിത എസ് നായര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി ഇവര്‍ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ സരിതയെ കാണാനില്ലെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്.
2009ലാണ് കേസിനാസ്പദമായ സംഭവം.
സരിതയെക്കൂടാതെ ബിധു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതി. നാലു പ്രതികളുടെയും ഉടമസ്ഥതയിലുണ്ടായ ബാങ്ക് അക്കൗണ്ടിലാണ് രജിസ്‌ട്രേഷന്‍ തുകയായി നാലര ലക്ഷം രൂപ നിക്ഷേപിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു കമ്പനി നിലവിലില്ലെന്ന് പിന്നീട് മനസ്സിലായതായി പരാതിക്കാരന്‍ ആരോപിക്കുന്നു.

chandrika: