കോട്ടയം: ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഉന്നയിച്ച പരാതികള്‍ പരാതികള്‍ തന്നെയാണ് എന്നും അതില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും അവര്‍ വ്യക്തമാക്കി. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഗണേഷ് കുമാറിനെതിരെ ഞാന്‍ ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ബാക്കിയൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതില്‍ സരിതയ്ക്ക് ഇടപെടാന്‍ ആകില്ല’ – അവര്‍ പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയിലാണ് സോളാര്‍ കേസില്‍ തന്നെ വേട്ടയാടിയത് എന്ന് അവര്‍ പറഞ്ഞു. തന്നേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള വ്യക്തിയായിരുന്നു ബിജു രാധാകൃഷ്ണ്‍. എന്നാല്‍ ആരും അദ്ദേഹത്തിന് പിറകെ പോയതു കണ്ടിട്ടില്ല. ഒരു സ്ത്രീ ഉണ്ടായതു കൊണ്ടാണ് സ്വര്‍ണക്കടത്തിന് മറ്റൊരു മാനം കൈവന്നത്- സരിത കൂട്ടിച്ചേര്‍ത്തു.