കൊച്ചി: മന്ത്രി കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ മൊഴി. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് ജോലി ശുപാര്‍ശയടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇവര്‍ എത്തിയിരുന്നതായി പറയുന്നത്.
കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും വന്നിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്‌ന നല്‍കിയ മൊഴിയും പുറത്ത് വന്നു.
മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്‍സുലേറ്റില്‍ എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോണ്‍സുലര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മന്ത്രി ജലീലും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്റെ സന്ദര്‍ശനം. ആയിരം ഭക്ഷ്യകിറ്റുകള്‍ ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
മന്ത്രിമാരെ കൂടാതെ കാന്തപുരം അബൂബക്കര്‍ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകന്‍ അബ്ദുള്‍ ഹക്കീമും ഒപ്പമുണ്ടായിരുന്നു. സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് വന്നതെന്നാണ് സരിത്തിന്റെ മൊഴി. ശിവശങ്കരന്റെ സന്ദര്‍ശനത്തെ കുറിച്ചും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയും ഭാര്യയുമാണ് ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ പോയത്. പിന്നീട് അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ച് വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്‍ നിന്നാണ് വിളിച്ചത്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും സ്വപ്‌ന മറുപടി നല്‍കി.
കോണ്‍സുല്‍ ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. ഷാര്‍ജ സുല്‍ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്‍ജ ഭരണാധികാരി വരുമ്പോള്‍ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും സ്വപ്ന മൊഴി നല്‍കി.