-ശാരി പി.വി-
ഗര്‍ഭകാലത്ത് ആരാണോ ഭരിച്ചത് അവരായിരിക്കണം പ്രസവ കാലത്തെ കാര്യങ്ങള്‍ക്ക് ഉത്തരവാദികളെന്നാണ് കേരളത്തിലെ പുതിയ നിയമം. ഞാനും എന്റെ മുഖ്യനും പിന്നെ എന്നോടൊപ്പമുള്ള മന്ത്രിമാരും പരമ യോഗ്യര്‍. മുമ്പ് ഭരിച്ചിരുന്നവര്‍ മഹാ കൊള്ളരുതാത്തവര്‍ എന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ചു പറയുന്ന സാംസ്‌കാരിക വകുപ്പിന്റെ അധിപന്‍ കൂടിയായ മന്ത്രിയാണ് ഇപ്പോള്‍ പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ശിശു മരണത്തെ കുറിച്ചുള്ള മുസ്്‌ലിംലീഗ് എം.എല്‍.എയുടെ ചോദ്യത്തിനാണ് ബാലന്‍ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ മറുപടി പറഞ്ഞത്. അട്ടപ്പാടിയില്‍ ശിശു മരണം ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ നടന്നത് അത് യു.ഡി.എഫിന്റെ കുഴപ്പം കൊണ്ടു മാത്രം. ഇപ്പോള്‍ മരണം നടക്കുന്നുണ്ടെങ്കില്‍ അതും യു.ഡി.എഫ് ഭരണത്തിന്റെ കുഴപ്പം കൊണ്ടുമാത്രമാണത്രേ!. ഇപ്പോ അട്ടപ്പാടിയില്‍ പോഷകാഹാര കുറവെന്ന പ്രശ്‌നമേ ഇല്ല. വല്ല അംഗന്‍ വാടിയിലും അമൃതം പൊടിയില്‍ പുഴുവരിച്ചിട്ട് കൊടുക്കാതിരുന്നെങ്കില്‍ തന്നെ അത് അന്ത കാലത്തെ പൊടിയായതാണ് പ്രശ്‌നം. തൂക്കക്കുറവും പോഷകാഹാരത്തിന്റെ അലഭ്യതയും മൂലമുള്ള ആദിവാസി ശിശുക്കളുടെ മരണം തന്നെ തൊട്ടിട്ടില്ലെന്നു വിളിച്ചറിയിക്കുന്നതായിരുന്നു മന്ത്രിയുടെ യഥാര്‍ത്ഥ ഉത്തരം. പിണറായി വിജയന്‍ മന്ത്രിസഭയില്‍ പട്ടികവര്‍ഗക്ഷേമത്തിന്റെ കൂടി ചുമതലയുള്ള മന്ത്രിയാണ്, സിപിഎം നേതാവായ എ.കെ ബാലന്‍. യുഡിഎഫ് ഭരണകാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്നാണ് ടിയാന്റെ വാദം. അംഗീകരിക്കേണ്ട വാദം തന്നെ. സംശയമില്ല. ഗര്‍ഭധാരണത്തിന് പോലും മന്ത്രിസഭ നോക്കണമെന്ന് പാവങ്ങള്‍ അറിയാതെ പോയത് അവരുടെ തെറ്റ്.
കഴിഞ്ഞ മൂന്നൂ മാസക്കാലത്തിനിടെ പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ ശിശു മരണം സംഭവിച്ചിട്ടില്ലെന്നും ഗര്‍ഭം അലസിയാണ് മരിച്ചതെന്നുമാണ് മന്ത്രി തന്‍ വാക്യം. അഭിഭാഷകനായ മണ്ണാര്‍ക്കാട് എം.എല്‍.എ ഒരു മാതിരി കോടതിയില്‍ ചോദിക്കും പോലെ ചോദിച്ചാല്‍ പിന്നെ എന്തു ചെയ്യും. ദാണ്ടേ പിടിച്ചോ ഉത്തരം അല്ല പിന്നെ. മേപ്പടിയാന്‍ മൊഴിഞ്ഞത് ഇങ്ങനെ ബഹു: മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, നാല് കുട്ടികള്‍ എന്നു പോലും പറയാന്‍ സമയമില്ല. നാല് എണ്ണം അതാണ് കേരള സംസ്‌കാരം, ഇതിപ്പോ ട്രോളാന്‍ കെ.സി ജോസഫ് അല്ലാത്തതിനാല്‍ സൈബര്‍ ട്രോളര്‍മാരും കാണില്ല. നാലെണ്ണം മരണപ്പെട്ടതാവട്ടെ പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, (ഗര്‍ഭ കാലം പ്രത്യേകം നോട്ട് ചെയ്യണമെന്നര്‍ത്ഥം) ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്, അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്, ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല.’ ആദിവാസി സ്ത്രീകളുടെ ഗര്‍ഭവും പ്രസവവും പോലും രാഷ്ട്രീയവല്‍ക്കരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു സമീപനം സംസ്ഥാന പട്ടികജാതി/പട്ടിക വര്‍ഗവകുപ്പ് മന്ത്രിയില്‍ നിന്നു തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് ഏറെ കൗതുകകരമായ കാര്യം. എന്ത് പറഞ്ഞാലും അവസാനം സക്കര്‍ ബര്‍ഗിന്റെ ഫേസ് ബുക്കില്‍ നോട്ടെഴുതിയാല്‍ മതിയെന്നാണല്ലോ പുതിയ നിയമത്തിലെ പിന്‍കുറി. അത് സാക്ഷാല്‍ ബാലനും ചെയ്തിരിക്കുന്നു. ഇനിയിപ്പോ അപമാനിക്കരുതെന്നാണ് അപേക്ഷ.
…………………………………………………………………………….
ശരിയാക്കല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ റേഷന്‍ കടകളില്‍ പോകുന്നവര്‍ക്ക് പരമ സുഖമാണ്. നേരത്തെ 30 കിലോ അരി ലഭിച്ചവര്‍ക്കൊക്കെ വലിയ സഞ്ചി കൊണ്ടു പോകേണ്ടിയിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്ത് ഒരു ചെറിയ കാലിക്കവറുമായി പോയാല്‍ മതി. സംഗതി നടക്കും. 30ന്റെ സ്ഥാനത്ത് രണ്ട് കിലോ മാത്രമാണ് ലഭ്യം. മണ്ണെണ്ണ വാങ്ങാന്‍ പോകുന്നവര്‍ക്ക് അത്തര്‍ കുപ്പി തന്നെ ധാരാളം, 350 മില്ലിയല്ലേ ഉള്ളൂ. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന സമയത്തെ ഓര്‍മയില്‍ ഓട്ടോ പിടിച്ച് റേഷന്‍ കടയില്‍ എത്തിയാല്‍ ഓട്ടോ കാശിനുള്ളതു പോലും ഇപ്പോള്‍ കിട്ടിയെന്നു വരില്ല. രണ്ട് കിലോ അരിയും 350 മില്ലി മണ്ണെണ്ണക്കുമായി ക്യൂ നില്‍ക്കേണ്ട ഗതികേടിലേക്കു പൊതു വിതരണ സമ്പ്രദായം എന്തായാലും ശക്തിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആഗോള വല്‍ക്കരണവും ആത്മഹത്യയും മാത്രം പറഞ്ഞ് ശീലിച്ച സഖാക്കന്‍മാരിലെ കുട്ടി നേതാക്കള്‍ ഇതേ കുറിച്ച് ചോദിച്ചാല്‍ പറയും അരി തരാമെന്നു പറഞ്ഞല്ലല്ലോ നിങ്ങളോട് വോട്ടു ചോദിച്ചത് ഫാസിസത്തെ തടയാനല്ലേ. കഞ്ഞി കുടി മുട്ടിയാലെന്താ അത് ശരിയായ രീതിയില്‍ നടക്കുന്നുണ്ടല്ലോ. എന്തായാലും ശരിയാക്കി ശരിയാക്കി ഒരു പരുവത്തിലാക്കാന്‍ കഞ്ഞിയില്‍ ഒരു കിലോ പാറ്റയിടുന്ന കാര്യത്തില്‍ വിജയിച്ചിരിക്കുന്നു. ഇവിടെ തേക്കിനും, ബന്ധു നിയമനത്തിനും വേണ്ടി ലെറ്റര്‍ പാഡില്‍ കത്തെഴുതുന്ന നേരത്ത് ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്ന കാര്യത്തില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. ഇവിടെ എന്തു ചോദിച്ചാലും അതൊക്കെ കേന്ദ്രം. കേന്ദ്രത്തില്‍ പോയാല്‍ അതൊക്കെ സംസ്ഥാനം. അവസാനം എല്ലാം പേറി പൊതു ജനം ഇതാണല്ലോ ഇപ്പോഴത്തെ സ്ഥിതി. ഇനിയിപ്പോ റേഷന്‍ കാര്‍ഡിന്റെ സ്ഥിതിയാണെങ്കിലോ അതിലും കഷ്ടം.
പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് തുഗ്ലക്കിനെ തോല്‍പിക്കുന്ന വിധത്തിലുള്ള പരിഷ്‌കാരവുമായി വ്യാപകമായ രീതിയില്‍ വ്യക്തികളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ വഴിയൊരുക്കാവുന്ന നിലയില്‍ സകല വ്യക്തിവിവരങ്ങളും തുറന്നിട്ടുകൊണ്ട് സര്‍ക്കാര്‍ വെബ്‌സൈറ്റ് തന്നെ തയാറായി നില്‍ക്കുന്നു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ അണിയിച്ചൊരുക്കിയ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലാണ് ഒരാളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ മാത്രം അറിയാമെങ്കില്‍ അയാളുടെയും കുടുംബത്തിന്റെയും സകല വിവരങ്ങളും അടിച്ചുമാറ്റാന്‍ തക്ക മണ്ടത്തരം ഒരുക്കി വെച്ചിരിക്കുന്നത്. പണ്ട് ആധാര്‍ കാര്‍ഡുണ്ടാക്കുന്ന ആധിയെ കുറിച്ച് ഖണ്ഡ കാവ്യം രചിച്ചിരുന്ന കാസ്‌ട്രോയടക്കമുള്ളവര്‍ അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ ആവോ, ഇ ഗവേണന്‍സും, ഭരണരംഗത്തെ സുതാര്യതയും അതിവേഗം നടപ്പാക്കാനുള്ള വ്യഗ്രതയില്‍ ജനങ്ങളുടെ സ്വകാര്യത തുറന്നിട്ടിരിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തവരുടെ വിവരങ്ങള്‍ എവിടെ നിന്ന് വേണമെങ്കിലും ആര്‍ക്കും ശേഖരിക്കാം. എല്ലാം ശരിയാക്കുമെന്നു പറയുന്നവര്‍ പണ്ട് ഐ.ടിക്ക് എതിരായിരുന്നതിനാല്‍ ഇപ്പോഴും അങ്ങനെ തന്നെയാണോ ആവോ?. അപകടം തിരിച്ചറിയാതെ റേഷന്‍ കാര്‍ഡുടമകളുടേയും കാര്‍ഡില്‍ പേര് ചേര്‍ത്തവരുടേയും സ്വകാര്യവിവരങ്ങളെല്ലാം സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വ്യക്തിയുടെ ജനന തിയ്യതി തൊട്ട് ഗ്യാസ് കണക്ഷന്‍ നമ്പറൂം ഇലക്ട്രിസിറ്റി കണ്‍സ്യൂമര്‍ നമ്പറുമൊക്ക കിട്ടാന്‍ വീട്ടിന്റെ മച്ചിന്‍ പുറത്ത് പരതണമെന്നൊന്നുമില്ല വെറുതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ മതി. ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സൈബര്‍ വിദഗ്ദര്‍ പറയുമ്പോഴും ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടിലാണ് സര്‍ക്കാര്‍. സാധാരണ ഇത്തരം വിവരങ്ങള്‍ ആരായുമ്പോള്‍ ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒ.ടി.പി (വണ്‍ ടെം പാസ് വേര്‍ഡ്) എത്താറുണ്ട്.
എന്നാല്‍ ഇവിടെ അതും ബാധകമല്ല. കുടുംബത്തിലെ എല്ലാവരുടേയും ജനന തീയതി പോലും ഈ പുതിയ സേവനം തുറന്ന് കാട്ടുകയാണ്. ഐഡന്റിറ്റി തെഫ്റ്റ് മുതല്‍ സമ്മതമില്ലാതെ വിവരങ്ങള്‍ ഉപയോഗിച്ചുള്ള ഡാറ്റാ അപഗ്രഥനം വരെയുള്ള പ്രശ്‌നങ്ങളിലേക്ക് വഴി തുറന്ന് കൊടുക്കുന്ന മണ്ടത്തരമാണിതെന്ന കാര്യത്തില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് രണ്ട് അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് അല്‍പ്പം കുശാഗ്രബുദ്ധി പ്രയോഗിച്ചാല്‍ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് മാറ്റിയെടുക്കാനാകുമെന്ന് ടെക്‌നോളജി നിരീക്ഷകര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ ഇത്തരം സംവിധാനം കൊണ്ടുവരുന്നതിനു മുമ്പ് സൈബര്‍ സുരക്ഷ ഏതൊക്കെ തരത്തില്‍ ദുരുപയോഗം ചെയ്യാം എന്ന് പരിശോധിച്ച ശേഷമേ സൈറ്റുകള്‍ ആരംഭിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവിടെ അതിനൊക്കെ നേരം വേണ്ടേ ചിറ്റപ്പന്റെ തേക്ക് ശിപാര്‍ശ, ബന്ധുക്കളുടെ നിയമനം, മുഖ്യന്റെ ഓഫീസില്‍ ഉപദേശകര്‍ തമ്മിലുള്ള ഈഗോ തീര്‍ക്കണം എന്തെല്ലാം പണികള്‍ കിടക്കുന്നു. ഇതൊക്കെ കഴിഞ്ഞിട്ടു പോരെ അരിയും വിവരവുമൊക്കെ. സാധാരണ പാചക വാതകം വിതരണം ചെയ്യുന്ന പൊതുമേഖലാ കമ്പനിയുടെ വെബ്‌സൈറ്റുകളില്‍ ആരുടേയും കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എത്ര സിലിണ്ടര്‍, എപ്പോള്‍ വാങ്ങി, ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫറിന് ആധാറും ബാങ്ക് അക്കൗണ്ടും ലിങ്ക് ചെയ്‌തോ, വീടിന്റെ വിലാസം തുടങ്ങിയവ അടക്കം ലഭ്യമാണെങ്കില്‍ ഇവിടെ അതുക്കും മേലെയാണ്. വന്‍ സുരക്ഷ ഉണ്ടായിട്ടും ബാങ്ക് അക്കൗണ്ടുകള്‍ വരെ ചൂഴ്ത്തി വീഴ്ത്തുന്ന വിദ്വാന്‍മാരുടെ നാട്ടിലാണ് വിവരം തികച്ചും സൗജന്യമായി അതും സര്‍ക്കാര്‍ ചെലവില്‍ നല്‍കാന്‍ തയാറാക്കി വെച്ചിരിക്കുന്നത്.
………………………………………………………….
ഇപ്പോള്‍ ചീട്ടെടുക്കുന്ന തത്തയുടെ പേരിലാണ് പ്രധാന ചര്‍ച്ച. ചുവപ്പ് കാര്‍ഡും മഞ്ഞക്കാര്‍ഡും പച്ചക്കാര്‍ഡുമൊക്കെ പോക്കറ്റിലിട്ടു നടക്കുമെന്ന് പറഞ്ഞിരുന്ന വിജിലന്‍സ് ഡയരക്ടര്‍ ശശിയാക്കല്‍ സര്‍ക്കാറിലെ ആദ്യ വിക്കറ്റ് വീണതോടെയാണ് കാര്‍ഡെടുക്കുന്ന പരിപാടി നിര്‍ത്തിയതെന്നാണ് പ്രതിപക്ഷം പറയുന്നത്. ബന്ധു നിയമനത്തില്‍ ചിറ്റപ്പനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കൂട്ടിലെ തത്ത ക്ലിഫ് ഹൗസിന് ചുറ്റും പറന്ന് നടന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. കൂട്ടിലെ തത്ത സ്വതന്ത്രമാണെങ്കില്‍ എന്തിനായിരുന്നു ക്ലിഫ് ഹൗസില്‍ രഹസ്യകൂടിക്കാഴ്ച്ചയെന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. സംഗതി ശ്ശി ശരിയാണു താനും.
തത്തയുടെ പേരില്‍ പോലും അഴിമതിയാണ്. തത്തയ്ക്ക് ആര് ചുവപ്പുകാര്‍ഡ് നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല താനും. എന്നാല്‍ തത്തയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യന്റെ വാദം. തത്തയുടെ കാല്‍ തല്ലിയൊടിച്ച് ചിറകരിയുന്ന പരിപാടി ശരിയാക്കല്‍ ടീമിന് പരിചയമില്ലത്രേ!. തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 52 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേ തത്തക്കെതിരെ വകുപ്പ്തല നടപടിക്ക് ധനകാര്യ പരിശോധന സമിതി ശിപാര്‍ശ ചെയ്തിരുന്നു. സംഗതി ഇവ്വിധം ആയപ്പോള്‍ കാര്‍ഡെടുക്കാന്‍ നിന്ന അമ്പയര്‍ മത്സരത്തില്‍ നിന്നും ഓടാനൊരു ശ്രമവും നടത്തി. വീര പരിവേശം കിട്ടാനാണെന്ന് ചില പിന്നാമ്പുറ വര്‍ത്തമാനവുമുണ്ട്. ഒടുവില്‍ സംഗതി കോണ്‍ട്രയായപ്പോള്‍ മാധ്യമങ്ങള്‍ പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്നായി. അല്ലേലും തെറ്റ് മുഴുവന്‍ മാധ്യമങ്ങളുടേതാണല്ലോ. അവരാണല്ലോ ടിയാനെതിരെ ഇല്ലാവചനം വെച്ചു പിടിപ്പിക്കുന്നത്. സിപിഎം പറയുന്ന കാര്‍ഡുകള്‍ മാത്രമെ ജേക്കബ് തോമസ് കൊത്തുകയുള്ളുവെന്നാണ് അതില്‍ ചിലരുടെ പരാതി. സംഗതി ചിറ്റപ്പന്റെ കേസില്‍ ഏതാണ്ടൊക്കെ നാട്ടാര്‍ക്ക് മനസിലായതാണു താനും.
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ. ബാബുവിനും എതിരെ കേസെടുക്കാന്‍ കാണിച്ച ഉത്സാഹം ഇ.പി. ജയരാജന്റെ കാര്യത്തില്‍ കാണിച്ചാല്‍ കസേര തെറിക്കുമെന്നതിനാലാണ് അമ്പയര്‍ മത്സരത്തില്‍ നിന്നു തന്നെ വിടാന്‍ തീരുമാനിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. ദാണ്ടേ വരുന്നു അടുത്ത ഇണ്ടാസ്. തന്റെ ഫോണും, ഇമെയിലും ചോര്‍ത്തുന്നുവെന്നാണ് തത്തയുടെ പുതിയ പരാതി. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതിയും നല്‍കിയിരിക്കയാണ്. എന്തായാലും വീര പരിവേശവും കിട്ടേണ്ട പബ്ലിസിറ്റിയുമൊക്കെ കിട്ടിക്കഴിഞ്ഞു. ഇതു താന്‍ഡാ പൊലീസ്.
ലാസ്റ്റ് ലീഫ്: എല്ലാത്തിനും മാറ്റമുണ്ടാകുമെന്ന് മാര്‍ക്‌സ് പറഞ്ഞു. എന്നാല്‍ പത്രക്കാര്‍ക്ക് മാത്രം മാറ്റമുണ്ടാകുന്നില്ലെന്ന് ഇ.പി ജയരാജന്‍. പ്ലീസ് തൂലിക ചലിപ്പിക്കുന്ന തൊഴിലാളികളേ ഒന്ന് ഇപിയുടെ സ്റ്റാന്‍ഡേര്‍ഡിലേക്ക് ഉയരൂ.