X
    Categories: CultureMore

നുണ പ്രചരണം; മോദി ഭക്തനായ അഭിഭാഷകനെതിരെ നൂറു കോടി ആവശ്യപ്പെട്ട് സര്‍ദേശായി നിയമ നടപടിക്ക്

ന്യൂഡല്‍ഹി: തനിക്കും കുടുംബത്തിനുമെതിരെ തുടര്‍ച്ചയായി നുണ പ്രചരണം നടത്തുന്ന അഭിഭാഷകനും ബി.ജെ.പി അനുഭാവിയുമായ അഭിഭാഷകന്‍ പ്രശാന്ത് പട്ടേല്‍ ഉംറാവുവിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്ദീപ് സര്‍ദേശായ് നിയമ നടപടിക്ക്. പൊലീസില്‍ നല്‍കിയ പരാതി ഫലപ്രദമാകുന്നില്ല എന്നതിനാലാണ് ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററായ സര്‍ദേശായ് കോടതിയെ സമീപിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂുടെ വര്‍ഗീയ പ്രകോപനം സൃഷ്ടിക്കുകയും നുണ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രശാന്ത് പട്ടേല്‍ സംഘ് പരിവാര്‍ അണികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. മുസ്ലിംകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസിനും ആം ആദ്മി പ്രവര്‍ത്തകര്‍ക്കുമെതിരെ തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്യാറുള്ള പ്രശാന്ത്, സര്‍ദേശായ് ‘ആയിരം ഹിന്ദുക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു’ എന്നു തോന്നിക്കുന്ന ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ഡല്‍ഹി പൊലീസിലും യു.പി പൊലീസിലും സര്‍ദേശായ് പരാതി നല്‍കിയെങ്കിലും പ്രശാന്ത് കുപ്രചരണം തുടരുകയാണുണ്ടായത്.

ആവശ്യമായ യോഗ്യതകള്‍ ഇല്ലാതിരുന്നിട്ടും മകന്‍ ഇശാന് രാജ്ദീപ് സര്‍ദേശായ് മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ എം.ബി.ബി.എസ് സീറ്റ് വാങ്ങിക്കൊടുത്തുവെന്നും ഇതിനായി നിയമം ലംഘിച്ച് ഒരു കോടി രൂപ നല്‍കിയെന്നും പ്രശാന്ത് പട്ടേല്‍ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. 2013-ല്‍ മകന് സീറ്റ് നല്‍കാത്തതിന് ഗോവയിലെയും മംഗലാപുരത്തെയും മെഡിക്കല്‍ കോളേജുകളെ സര്‍ദേശായ് ഭീഷണിപ്പെടുത്തിയെന്നും പിന്നീടിത് ഒത്തു തീര്‍ക്കുകയാണുണ്ടായതെന്നും പ്രശാന്ത് ആരോപിച്ചു.

എന്നാല്‍, തന്റെ മകന് മെറിറ്റ് റാങ്കുള്ളയാളും സ്‌കൂളിലെ ടോപ്പറുമായിരുന്നുവെന്ന് സര്‍ദേശായ് മറുപടി നല്‍കി. തെളിവായി രേഖകളുടെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചു. തന്റെ അടുത്ത നീക്കം പട്ടേലിനെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമ നടപടി ആയിരിക്കുമെന്നും സര്‍ദേശായ് വ്യക്തമാക്കി.

അതേസമയം, സര്‍ദേശായുടെ പരാതിക്കു പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്നും നിയമ നടപടിക്കു വേണ്ട ഒരു കോടി രൂപ ‘ആപ്’ സമാഹരിച്ചു നല്‍കുമെന്നും പ്രശാന്ത് പട്ടേല്‍ പരിഹസിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: