ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്‍പികളിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണ് ഒക്്‌ടോബര്‍ 31. ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഏകതാദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ദീര്‍ഘവീക്ഷണവും ദര്‍ശനങ്ങളും ഇന്നത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് പ്രധാനമാണ്. 1875 ഒക്‌ടോബര്‍ 31-ന് ഗുജറാത്തിലെ ആനന്ദ് താലൂക്കില്‍പ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ജാബേര്‍ ഭായ് പട്ടേല്‍. മാതാവ് ലാഡ്ബായി. ആറ് മക്കളില്‍ നാലാമനായിരുന്നു. നദിയാദ്, പെറ്റ്‌ലാദ്, ബോസാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു വിദ്യാഭ്യാസം.
22 ാമത്തെ വയസ്സില്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. ഒരു ബാരിസ്റ്ററാവണം എന്നതായിരുന്നു ആഗ്രഹം. കഠിനാധ്വാനം കൊണ്ട് പട്ടേല്‍ രണ്ടു വര്‍ഷം കൊണ്ട് ബാരിസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. ഗോധ്ര, ബോസാദ്, ആനന്ദ് എന്നിവിടങ്ങളില്‍ അഭിഭാഷകവൃത്തി ചെയ്തു. 36-ാമത്തെ വയസ്സില്‍ പട്ടേല്‍, ലണ്ടനിലെ മിഡ്ഡില്‍ ടെംപിള്‍ ഇന്നില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേര്‍ന്നു.
ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നല്‍കിക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 1917ലെ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജീവിതം മാറ്റി മറിച്ചത്. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കി. 1931ലെ കറാച്ചി സമ്മേളനത്തില്‍ സര്‍ദാര്‍, കോണ്‍ഗ്രസിന്റെ പ്രസിഡന്റായി.
വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേല്‍ പഞ്ചാബിലെയും ദില്ലിയിലെയും അഭയാര്‍ത്ഥികള്‍ക്ക് അവശ്യസാധനങ്ങള്‍ സംഘടിപ്പിച്ചു. രാജ്യത്താകമാനം സമാധാനം പുന:സ്ഥാപിക്കുവാന്‍ പരിശ്രമിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇതിനായി മലയാളിയായ വിപി മേനോന്‍ അദ്ദേഹത്തിന്റെ കൂടെ നിന്നു.