ചെന്നൈ: സംഘര്‍ഷം നിറഞ്ഞ സിനിമാ രംഗങ്ങള്‍ക്കു സമാനമായി തെന്നിന്ത്യന്‍ നടികര്‍ സംഘത്തിന്റെ യോഗത്തില്‍ കൂട്ടത്തല്ല്. ചെന്നൈയില്‍ നടന്ന സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പിനിടെയാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മുന്‍ ഭാരവാഹികളായ നടന്‍ ശരത്കുമാര്‍, രാധാരവി എന്നിവരെ സംഘത്തില്‍ നിന്ന് പുറത്താക്കി. ജനറല്‍ സെക്രട്ടറി വിശാലാണ് ഇരുവരെയും പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ഇരുവരുടെയും അംഗത്വവും റദ്ദാക്കി. യോഗം ആരംഭിക്കുമ്പോള്‍ തന്നെ ശരത്കുമാര്‍ വിഭാഗം സംഘര്‍ഷം തുടങ്ങിയതായാണ് വിവരം. യോഗത്തിനെത്തിയ നടനും എംഎല്‍എയുമായ കരുണാസിന്റെ കാറിന്റെ ചില്ല് സമരാനുകൂലികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ പൊലീസ് അറസ്റ്റു ചെയ്തു. നടികര്‍ സംഘത്തിന്റെ പുതിയ ഓഫീസ് നിര്‍മാണത്തില്‍ അഴിമതി കാണിച്ചുവെന്ന ആരോപണമാണ് ശരത്കുമാറിനും രാധാരവിക്കുമെതിരെ ഉന്നയിക്കപ്പെട്ടത്.
വാര്‍ഷിക പൊതുയോഗത്തില്‍ വിവിധ പ്രമേയങ്ങള്‍ക്കൊപ്പം ശരത് കുമാറിനെയും രാധാരവിയെയും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന പ്രമേയവും അവതരിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ ഇതും അംഗീകരിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ശരത്കുമാര്‍ വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നു. വിക്രം, വിജയ് സേതുപതി, ശിവ കാര്‍ത്തികേയന്‍ തുടങ്ങി അഞ്ഞൂറിലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കമല്‍ഹാസന്‍ യോഗത്തിനെത്തിയില്ലെങ്കിലും വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തെ അഭിസംബോധന ചെയ്തു.