X

സനു മോഹന്‍ പിടിയില്‍; ഉടന്‍ കൊച്ചിയിലെത്തിക്കും

ബെംഗളൂരു: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍നിന്നുള്ള സനുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. പിടിയിലായ സനുവിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും.

മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സനുവും ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെടെയാണ് ഇയാള്‍ മൂംകാംബിയിലെ ഹോട്ടലില്‍ താമസിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ഏപ്രില്‍ 10 മുതല്‍ 16ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

Test User: