ബാംബോലിം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം ബംഗാളിന്. ഗോവയ്‌ക്കെതിരെ എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം. മന്‍വീര്‍ സിങ്ങാണ് ബംഗാളിനായി വിജയഗോള്‍ നേടിയത്. എട്ടുവര്‍ഷത്തിനു ശേഷം കിരീടം നേടിയ ബംഗാളിനിത് 32-ാമത് സന്തോഷ് ട്രോഫി നേട്ടമാണ്.
നാല്‍പ്പത്തിനാലാം തവണയാണ് ബംഗാള്‍ ഫൈനലില്‍ കയറുന്നത്. 13 ഫൈനല്‍ കളിച്ച ഗോവയാകട്ടെ ഇതുവരെ അഞ്ചുതവണ മാത്രമാണ് കപ്പ് നേടിയിട്ടുളളത്. നേരത്തെ ഗ്രൂപ്പ് തല മത്സരത്തില്‍ ഗോള്‍ രഹിത സമനിലയിലാണ് ഇരുടീമുകളുടെയും പോരാട്ടം അവസാനിച്ചത്. സെമിഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് സ്വന്തം നാട്ടില്‍ ഗോവ ഫൈനലിലേക്ക് എത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും ഇരു ടീമുകളും ഗോളടിക്കാത്തതിനെ തുടര്‍ന്നാണ് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടത്. ട്രൈബ്രേക്കറില്‍ വിധി നിര്‍ണയിക്കപ്പെടുമെന്ന് ഉറപ്പിച്ച അവസരത്തിലായിരുന്നു കാണികളെ നിശബ്ദമാക്കിക്കൊണ്ട് 119-ാം മിനിറ്റില്‍ ഷെയ്‌കോം റോണാള്‍ഡ് സിങിന്റെ പാസില്‍ നിന്നും മന്‍വീര്‍ സിങ് ഗോവ പോസ്റ്റില്‍ പന്തെത്തിച്ചത്. ഗോവയുടെ ബ്രൂണോ കൊളൊസെയെ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പറായും ബംഗാളിന്റെ മുന്നേറ്റനിരയിലെ കുന്തമുനയായ ബസന്ത് സിങ്ങിനെ മികച്ച ഫോര്‍വേഡായും തെരഞ്ഞെടുത്തു. ആദ്യ പകുതിയില്‍ കളിയുടെ നിയന്ത്രണം ബംഗാളിന്റെ വശത്തായിരുന്നു. 40-ാം മിനിറ്റിലാണ് ബംഗാളിന് ആദ്യ അവസരം ലഭിച്ചത്. മുംമ്താസ് അക്തറിന്റെ ലോങ് ബോള്‍ പിടിച്ചെടുത്ത മന്‍വീര്‍ സിങ് പോസ്റ്റിലേക്ക് തൊടുത്തുവെങ്കിലും ഗോള്‍ കീപ്പറുടെ കൈകളിലാണ് ഒടുങ്ങിയത്.
രണ്ടാം പകുതിയില്‍ ബ്രയാന്‍ മസ്‌കരാനസിന്റെ ഫ്രീ കിക്ക് ബാറിനു മുകളിലൂടെ പറന്നതൊഴിച്ചാല്‍ കാര്യമായ നീക്കമൊന്നും ഗോവയുടെ ഭാഗത്തു നിന്നുണ്ടായില്ല. 83-ാം ബസന്ത സിങിന് ലഭിച്ച അവസരം അദ്ദേഹം പാഴാക്കി. 90 മിനിറ്റ് നേരം ബംഗാളിനെതിരെ പിടിച്ചു നിന്ന ഗോവ എക്‌സ്ട്രാ സമയത്ത് ബംഗാളിനു മുന്നില്‍ തളര്‍ന്ന രീതിയിലാണ് കളിച്ചത്. മന്‍വീറിന്റെ ഗോളിനു തൊട്ടു മുമ്പ് മൊയ്‌രംഗ്തം ബസന്ത സിങിന് കനകാവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് പാഴാക്കുകയായിരുന്നു.