ദുർബലരായ എതിരാളികൾക്കുമേൽ വിജയവും രഞ്ജി ട്രോഫി ക്വാർട്ടർ ബർത്തും തേടി കേരളം ഇന്ന് ഇറങ്ങുന്നു. രാവിലെ 9.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബിഹാറാണ് എതിരാളികൾ.
കഴിഞ്ഞ കളിയിൽ ബോണസ് പോയന്റോടെ മധ്യപ്രദേശിനെതിരെ സമനില നേടിയത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയിരുന്നു. സി.കെ. നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏദന്‍ അപ്പിള്ടോം, വരുണ്‍ നായനാർ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എലീറ്റ് ഗ്രൂപ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് ജയവും മൂന്ന് സമനിലകളുമായി 26 പോയന്റുള്ള ഹരിയാനയാണ് ഒന്നാമത്. പഞ്ചാബിനെതിരെ ഇന്നിങ്സ് ജയം നേടി 19 പോയന്റുമായി മൂന്നാമതുള്ള നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകക്കും സാധ്യതയുണ്ട്.
ജയിച്ചാൽ 27 പോയന്റോടെ കേരളത്തിന് ക്വാർട്ടർ ഉറപ്പാക്കാം. സമനിലയിൽ കുരുങ്ങിയാൽ കാര്യങ്ങൾ കൈവിട്ടേക്കും. ഹരിയാനക്കെതിരെ കർണാടക ബോണസ് പോയന്റോടെ ജയം പിടിക്കുന്ന പക്ഷം പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ മാറ്റം വന്നേക്കും. കെ.എൽ. രാഹുൽ തിരിച്ചെത്തിയ ടീം അത്ഭുതങ്ങൾ കാട്ടുമെന്ന പ്രതീക്ഷയിലാണ് കർണാടക. മൊത്തത്തിൽ സാധ്യതകളും പ്രതീക്ഷകളും മുന്നിൽവെച്ചാണ് ടീമുകൾ അങ്കം കുറിക്കുന്നത്.