മലപ്പുറം: സന്തോഷ് ട്രോഫി ഫൈനല്‍ മല്‍സരം കാണാന്‍ ടിക്കറ്റെടുത്ത് പയ്യനാട് സ്‌റ്റേഡിയത്തില്‍ എത്തിയവര്‍ക്ക് കളി കാണാന്‍ അവസരം നിഷേധിച്ചവര്‍ക്കെതിരെയും ഒരു പ്രകോപനവുമില്ലാതെ ഫുട്‌ബോള്‍ പ്രേമികളെ തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
കളി കാണാന്‍ ഒരുക്കിയ സൗകര്യത്തില്‍ കാണികള്‍ക്ക് ഇരിക്കാന്‍ തയ്യാറാക്കിയ സീറ്റുകളുടെ ഇരട്ടിയിലധികം സീറ്റുകളിലേക്കുള്ള ടിക്കറ്റുകള്‍ സംഘാടകര്‍ നേരത്തെ നല്‍കിയതാണ് ആയിരക്കണക്കിന് ആളുകള്‍ക്ക് കളി കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.
ഫൈനല്‍ മത്സരത്തിന് ടിക്കറ്റ് എടുത്തവര്‍ 07 :30 ന് അകം സ്‌റ്റേഡിയത്തില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ ദിവസം നേരത്തെ 5 മണിക്ക് തന്നെ സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പൂര്‍ണ്ണമായും അടച്ചു.
ജില്ലക്കകത്ത് നിന്നും പുറത്തുനിന്നുമായി ഓണ്‍ലൈന്‍ ടിക്കെറ്റെടുത്ത് ഫൈനല്‍ കാണാമെന്ന മോഹവുമായി എത്തിയ നിരവധി കായിക പ്രേമികള്‍ക്കാണ് കളി കാണാന്‍ കഴിയാതെ വന്നതും പോലീസിന്റെ ലാത്തിച്ചാര്‍ജ്ജിന് ഇരയാകേണ്ടിയും വന്നത്.
25000 കാണികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയം. ഓണ്‍ലൈനായി ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിട്ടും ഫൈനല്‍ ദിവസവും പരിധിയില്ലാതെയാണ് കൗണ്ടര്‍ വഴി ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയത്.
മാനദണ്ഡമില്ലാതെ നടത്തിയ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാറും സംഘാടകരും ടിക്കറ്റ് എടുത്ത നിരവധി കായിക പ്രേമികളെ വഞ്ചിച്ച് ചൂഷണം ചെയ്യുകയാണ് ചെയ്തത്. കളികാണാന്‍ കഴിയാതെ വരുന്നവര്‍ക്ക് പുറത്ത് ഒരുക്കിയ എല്‍.ഇഡി. സ്‌ക്രീന്‍ വഴി വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹിമാന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ഒരു ചാനലുമായി സംസാരിച്ചിരുന്നു. പരിധി വിട്ട ടിക്കറ്റ് വില്‍പ്പന സര്‍ക്കാറും മന്ത്രിയും സംഘാടകരും നേരത്തെ അറിഞ്ഞ് തീരുമാനിച്ചതാണെന്ന ആക്ഷേപം ശരി വെക്കുന്നതായിരുന്നു മന്ത്രിയുടെ ഈ സംസാരം. ഫുട്‌ബോള്‍ പ്രേമികളെ ചൂഷണം ചെയ്ത ഈ നിലപാട് പ്രതിഷേധാര്‍ഹമാണ്. ടിക്കെറ്റെടുത്തിട്ട് സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ചു നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. മാനദണ്ഡമില്ലാതെ ടിക്കറ്റ് വില്‍പ്പന നടത്തി കായിക പ്രേമികളെ ചൂഷണം ചെയ്തവര്‍ക്കെതിരെയും യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.