സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഉജ്ജ്വല ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തുവിട്ടു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.
കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ടും വലകുലുക്കി. ആദ്യ കളിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചെത്തിയ ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. ആദ്യ പകുതിയില്‍ തന്നെ 3 ഗോളുകള്‍ നേടി കേരളം ആധിപത്യം പുലര്‍ത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ട കേരളം ആദ്യ 36 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി. 12-ാം മിനിറ്റില്‍ അക്ബറിലൂടെയാണ് കേരളം ലീഡെടുത്തത്.
പിന്നാലെ 33-ാം മിനിറ്റില്‍ അക്ബര്‍ വീണ്ടും ഗോളടിച്ച് കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. 3 മിനിറ്റുകള്‍ക്ക് ശേഷം 36-ാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് തുടക്കത്തില്‍ തന്നെ പതറി. ആദ്യ പകുതിയില്‍ കേരളം ഈ ലീഡ് നിലനിര്‍ത്തി.
രണ്ടാം പകുതിയില്‍ ആക്രമണം കുറച്ച് പ്രതിരോധത്തില്‍ ശ്രദ്ധചെലുത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ താരങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇടയ്ക്ക് കൗണ്ടര്‍ അറ്റാക്കിലൂടെ വലുകുലുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ കേരളം വിജയം സ്വന്തമാക്കി. ഇനി ഗോവ, ഛത്തീസ്ഗഢ് ടീമുകളുമായാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍.