X

ചരിത്രത്തിലാദ്യമായി വിദേശത്ത് ;സന്തോഷ് ട്രോഫി ഫൈനലില്‍ മേഘാലയ കര്‍ണ്ണാടകയെ നേരിടും

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് പുറത്ത് അരങ്ങേറിയ സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശനിയാഴ്ച മേഘാലയും കര്‍ണാടകയും ഏറ്റുമുട്ടും. റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്മാരായ പഞ്ചാബും മേഘാലയും തമ്മില്‍ നടന്ന ആദ്യ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മേഘാലയ പഞ്ചാബിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ കര്‍ണാടക ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സര്‍വീസസിനെയാണ് കീഴടക്കിയത്. ശനിയാഴ്ച്ച വൈകീട്ട് ആറരക്ക് കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ശക്തരായ കര്‍ണ്ണാടകയെ ആദ്യമായി ഫൈനലില്‍ എത്തുന്ന മേഘാലയ നേരിടും.

ആദ്യസെമിയില്‍ മേഘാലയുടെ വിജയവും ഇതിനകം എട്ട് തവണ സന്തോഷ് ട്രോഫി മാറോടണച്ച പഞ്ചാബിന്റെ പരാജയവും അപ്രതീക്ഷിതമായിരുന്നു. കിരീട സാധ്യത ഉറപ്പാക്കിയ ടീമായിരുന്നു പഞ്ചാബ്. കളിയുടെ പതിനാലാം മിനിറ്റില്‍ പരംജിത് സിംഗിലൂടെ പഞ്ചാബാണ് ആദ്യം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഒരു ഗോള്‍ കിട്ടിയതോടെ ഉണര്‍ന്നു കളിച്ച മേഘാലയ മുപ്പത്തി ഏഴാം മിനിറ്റില്‍ ഫിഗാ സിന്‍ഡയിലൂടെ സമനില ഗോള്‍ നേടി. പിന്നീട് ഇരു ടീമുകളും ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ കളിയവസാനിച്ചതിനെ തുടര്‍ന്ന് കിട്ടിയ ഇഞ്ചുറി ടൈമിലാണ് മേഘാലയ സ്റ്റീവന്‍സന്‍ ഷോഖ്തുങിലൂടെ നിര്‍ണ്ണായകമായ വിജയഗോള്‍ നേടി.

രണ്ടാം സെമിയില്‍ ആറ് തവണ ട്രോഫി നേടിയ സര്‍വീസസിനെ നാല് തവണ ട്രോഫി കരസ്ഥമാക്കിയ കര്‍ണ്ണാടക (മൈസൂര്‍) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അടിയറവ് പറയിച്ചത്. നാല്‍പതാം മിനിറ്റില്‍ ബികാഷ് ഥാപ്പയിലൂടെ സര്‍വീസസായിരുന്നു ആദ്യ ഗോള്‍ നേടിയത്. അധികം വൈകാതെ നാല്‍പത്തി രണ്ടാം മിനിറ്റില്‍ റോബിന്‍യാദവിലൂടെ കര്‍ണ്ണാടക ഗോള്‍ മടക്കി. മത്സരം സമനിലയയിലായതോടെ ലഭിച്ച ഇഞ്ചുറി ടൈമില്‍ പി അങ്കിത്തും സുനില്‍കുമാറും കര്‍ണ്ണാടകക്ക് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തു.

സഊദി ഫുട്ബാള്‍ അസോസിയേഷന്‍ ഒരുക്കിയ മികച്ച സൗകര്യങ്ങള്‍ ഇരു മത്സരങ്ങളിലും പ്രതിഫലിച്ചു. നിറഞ്ഞു കവിയാറുള്ള റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ത്ര സ്റ്റേഡിയത്തില്‍ നാമ മാത്രമായ കാണികളാണ് അതിര്‍ത്തി കടന്നെത്തിയ ഹീറോ സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ കാണാനെത്തിയത്. പ്രചാരണം കുറഞ്ഞതും പ്രവൃത്തി ദിനമായതും ഗാലറികള്‍ ശൂന്യമാകാന്‍ കാരണമായി. കേരളം സെമി കാണാതെ പുറത്തായത് ഗാലറി നിറയ്ക്കുന്ന മലയാളികളായ ഫുട്ബാള്‍ പ്രേമികളുടെ അസാന്നിധ്യത്തിനും കാരണമായി.

കേരളത്തിന് പുറമെ പ്രബലരായ ബംഗാള്‍, ഗോവ ടീമുകളും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് വിദേശത്തായിട്ടും സന്തോഷ് ട്രോഫി സെമി മത്സരങ്ങളുടെ പ്രാധാന്യം കുറയാനിടയാക്കി. 1941ല്‍ ആരംഭിച്ച സന്തോഷ് ട്രോഫിയുടെ നോകൗട്ട് മത്സരങ്ങള്‍ ഇതാദ്യമായാണ് ഒരു വിദേശ രാജ്യത്ത് അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സഊദി ഫുട്ബാള്‍ അസോസിയേഷനുകള്‍ തമ്മിലുണ്ടാക്കിയ ധാരണ പത്രത്തിന്റെ ഭാഗമാണ് സന്തോഷ് ട്രോഫിക്കുള്ള സഊദിയുടെ ആതിഥേയത്വം. ആള്‍ ഇന്ത്യ ഫുട്ബാള്‍ അസോഷിയേഷന്‍ പ്രസിഡണ്ട് കല്യാണ്‍ ചൗബേ, സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകര്‍ എന്നിവര്‍ റിയാദിലെത്തിയിട്ടുണ്ട്. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികളായ ബഷീര്‍ ചേലേമ്പ്ര, ഷകീല്‍ തിരൂര്‍ക്കാട്, മുസ്തഫ മമ്പാട്, ഹസന്‍ പുന്നയൂര്‍, മുസ്തഫ കവ്വായിഎന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ ടിക്കറ്റ് വില്‍പന നടന്നിരുന്നു.

 

Chandrika Web: