ബൊംബാലി: തുറന്നിട്ട പ്രതിരോധത്തിന് വലിയ നല്‍കേണ്ടി വന്നു കേരളത്തിന്. ഒന്നാം പകുതിയില്‍ ലിസ്റ്റണ്‍ കോളോസോയുടെ വ്യക്തിഗത മികവിനേക്കാള്‍ കേരളാ പ്രതിരോധത്തിന്റെ വീഴ്ച്ചയില്‍ ടീമിനെ കൈവിട്ടത് ഫൈനല്‍ എന്ന സ്വപ്നം. ക്വാര്‍ട്ടര്‍ ലീഗില്‍ സുന്ദരമായി കളിച്ച യുവസംഘം രണ്ടാം പകുതിയില്‍ ഒരു ഗോളുമായി തിരിച്ചുവന്നുവെങ്കിലും ഗോവക്കാര്‍ സമ്മര്‍ദ്ദത്തെ അതിജയിച്ച് ഞായറാഴ്ച്ച കലാശപ്പരാട്ടത്തില്‍ ബംഗാളുകാരെ നേരിടാന്‍ യോഗ്യത നേടി.
അലസതയുടെ പ്രതിഫലനങ്ങളായിരുന്നു കേരളം ആദ്യ പകുതിയില്‍ വഴങ്ങിയ രണ്ട് ഗോളുകളും. രണ്ട് ഗോളുകള്‍ നേടിയതും ഗോവയുടെ പത്താം നമ്പറുകാരന്‍ ലിസ്റ്റണ്‍ കോളോസോ. കേരളത്തിന്റെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയില്‍ രാഹുല്‍രാജ് നേടി.
ക്വാര്‍ട്ടര്‍ ലീഗില്‍ സുന്ദരമായി മധ്യനിരയും മുന്‍നിരയും കളിച്ചപ്പോഴും പ്രതിരോധക്കാരുടെ ചാഞ്ചാട്ടം തലവേദനയായിരുന്നു. മാന്‍ ടു മാന്‍ മാര്‍ക്കിംഗ് എന്ന പരമ്പരാഗത മര്യാദ പോലും പാലിക്കപ്പെട്ടില്ല. ഒന്നാം പകുതിയില്‍ ഗോവയായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ കേരളമായിരുന്നു മൈതാനത്ത്. മുന്‍നിരക്കാര്‍ ജോബിയുടെ നേതൃത്വത്തില്‍ ലക്ഷ്യബോധത്തോടെ കളിച്ചു. അസറുദ്ദിനും മുഹമ്മദ് പാറേക്കാട്ടിലും ജിഷ്ണു ബാലകൃഷ്ണനുമെല്ലാം പന്ത് അതിവേഗം കൈമാറി കളിച്ചു. കേരളത്തിന്റെ വേഗതയില്‍ ഗോവന്‍ പ്രതിരോധം ചാഞ്ചാടി. കേരളത്തിന്റെ ഗോള്‍ വരുന്നത് ആ വഴിയിലാണ്. പക്ഷേ ഗോവക്കാര്‍ പിടിച്ചുനിന്നു. അവസാനത്തില്‍ ബെഞ്ചില്‍ കരയുന്ന കേരളാ താരങ്ങളുടെ കാഴ്ച്ച കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന മലയാളത്തിന്റെ നൊമ്പരമായി.
ഗോള്‍ പിറന്നില്ലെങ്കിലും ആവേശകരമായ മത്സരത്തില്‍ മിസോറമിലെ സഡന്‍ ഡത്തില്‍ വീഴ്ത്തിയാണ് ബംഗാള്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോളടിക്കാതിരുന്നതോടെയാണ് ഷൂട്ടൗട്ട് ആവശ്യമായി വന്നത്.ഷൂട്ടൗട്ടില്‍ ലാല്‍റമ്മവിയ റമ്മവിയ, റാംഫങ്‌സുവ, ലാല്‍റിന്‍ചാന റിച്ച, ലാല്‍റാമുവാന്‍പുയ്യ എന്നിവര്‍ മിസോറമിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മുവാനൗമയുടെ കിക്ക് ബംഗാള്‍ കീപ്പര്‍ ശങ്കര്‍ റോയ് തടഞ്ഞിട്ടു. ബംഗാളിനു വേണ്ടി സന്തു സിങ്, മന്‍വീര്‍ സിങ്, സമദ് അലി മാലിക്, മുംതാസ് അഖ്തര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. മനോതോഷ് ചകല്‍ദാറുടെ കിക്ക് വലതു പോസ്റ്റിലിടിച്ചു മടങ്ങി.സഡന്‍ഡെത്തില്‍ ആദ്യ കിക്കുകള്‍ ഇരുടീമുകളും വലയിലാക്കിയപ്പോള്‍ ലാല്‍ബിയാഖ്‌ലുവയുടെ കിക്ക് ശേഖര്‍ റോയ് സേവ് ചെയ്തു. തുടര്‍ന്ന് കിക്കെടുത്ത മൊയ്‌റാങ്‌തെം ബസന്ത വലകുലുക്കിയതോടെ ബംഗാള്‍ 32-ാം കിരീടത്തിന് തൊട്ടടുത്തെത്തി. ഞായറാഴ്ച്ചയാണ് ഫൈനല്‍