X

അഫ്ദലും ഷരീഫും ഇനി സന്തോഷ് ട്രോഫി ചാമ്പ്യന്മാര്‍

സന്തോഷ് ട്രാഫി താരം വി.കെ അഫ്ദലിന്റെ പാണ്ടിക്കാട്ടെ വീട്ടില്‍ കേരളത്തിന്റെ വിജയം ആഘോഷിക്കുന്ന കുടുംബാംഗങ്ങള്‍

ഷഹബാസ് വെള്ളില

മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്.
2004ല്‍ ഡല്‍ഹിയില്‍ നിന്നും സന്തോഷ് ട്രോഫി കിരീടം നേടിയതിന് ശേഷം കാര്യമായ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാതിരുന്ന കേരള ഫുട്‌ബോളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുകൂടിയാണ് ഈ വിജയം. സന്തോഷ് ട്രോഫിയില്‍ മലപ്പുറത്തിന്റെ പ്രതാപം കുറഞ്ഞ കാഴ്ച്ചകള്‍ക്കിടയിലാണ് മലപ്പുറത്തിന്റെ രണ്ടുപേര്‍ കേരള ജഴ്‌സിയില്‍ വംഗനാട്ടില്‍ പന്തുതട്ടിയത്.
മുന്നേറ്റനിരയില്‍ തീപ്പാറും കളി കാഴ്ച്ച വെച്ച അഫ്ദലിന്റെ ഗോളിലായിരുന്നു കേരളം ഫൈനലിന് യോഗ്യത നേടിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിപുറത്തെടുത്ത അഫ്ദല്‍ മമ്പാട് എം.ഇ.എസ് കോളജ് അവസാന വര്‍ഷ ഫുഡ്‌ടെക്‌നോളജി വിദ്യാര്‍ഥിയാണ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരംകൂടിയാണ് അഫ്ദല്‍. മലപ്പുറത്ത് ആവേശം നിലത്തൊന്നുമല്ല. മധുരം വിതരണം ചെയ്തും കേരളത്തിന് ജയ് വിളിച്ചും കായിക പ്രേമികള്‍ വിജയം ആഘോഷിച്ചു. ഗ്രൂപ്പ് തലങ്ങളില്‍ മണിപ്പുരിനെതിരെയും ചണ്ഡിഗഡിനെതിരെയും അഫ്ദല്‍ നിര്‍ണായക ഗോളുകള്‍ നേടിയിരുന്നു. ഗോളുകള്‍ക്ക് പുറമെ മികച്ച പ്ലേമേക്കറായും തിളങ്ങിയ അഫ്ദല്‍ ഗോളുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ ആന്ധ്രാപ്രദേശിനെതിരെയും രണ്ടു ഗോളുകള്‍ അഫ്ദല്‍ നേടി.
പാണ്ടിക്കാട് ഒലിപ്പുഴ വാരിക്കോടന്‍ മുഹമ്മദിന്റെയും ഹഫ്‌സത്തിന്റെയും മകനാണ്. അഫ്ദലിന്റെ കാലില്‍ പന്തു കിട്ടിയപ്പോഴൊക്കെ പ്രായഭേദമന്യേ ആവേശം പൂണ്ട ആരാധകര്‍ ഓരോ നീക്കത്തിനും കയ്യടികളോടെയും ആര്‍പ്പുവിളികളോടെയും വരവേറ്റു. സ്‌പോര്‍ട്‌സ് ചാനലുകളില്‍ എത്തി നോക്കാതിരുന്ന മത്സരം കാണികള്‍ ഫെയ്‌സ്ബുക്കില്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സൈറ്റില്‍ നിന്നാണ് കളി കണ്ടത്. പലയിടത്തും ബിഗ് സ്‌ക്രീനിലാണ് കളി കണ്ടത്. അഫ്ദലിനു പുറമെ പ്രതിരോധ താരം അരീക്കോട്ടുകാരന്‍ മുഹമ്മദ് ഷരീഫും ടീമില്‍ ഇടംപിടിച്ചിരുന്നു.

chandrika: