കോഴിക്കോട്: സന്തോഷ് ട്രോഫിയിലെ തെക്കന്‍മേഖലാ ക്വാളിഫയര്‍ റൗണ്ടില്‍ കര്‍ണാടകക്ക് തകര്‍പ്പന്‍ ജയം. ഉച്ചക്ക് 01:45ന് നടന്ന ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കര്‍ണാടക തകര്‍ത്തത്.
ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ തകര്‍ന്ന കര്‍ണാടകക്ക് അവസാന മത്സരത്തില്‍ കേരളത്തിനെതിരെ ജയിച്ചാല്‍ യോഗ്യത നേടാനാവും. ഗ്രൂപ്പില്‍ നിന്ന് ഒരു ടീമിന് മാത്രം യോഗ്യത നേടാമെന്നിരിക്കെ ഇനിയുള്ള രണ്ട് മത്സരങ്ങളും കേരളത്തിന് നിര്‍ണായകമായി.
ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ നേരിടും. കര്‍ണാടകയെ തകര്‍ത്ത ആവേശവുമായി വരുന്ന ആന്ധ്ര കേരളത്തിന് കനത്തവെല്ലുവിളിയുയര്‍ത്തും.
ഗോള്‍ ശരാശരിയിലാകും വിധി നിര്‍ണയിക്കുകയെന്നതിനാല്‍ ആതിഥേയര്‍ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ല. ക്യാപ്റ്റന്‍ ഉസ്മാനും മുന്നേറ്റനിരയിലെ നിറസാന്നിദ്ധ്യം ജോബിജസ്റ്റിനും ജിഷ്ണുവും ആദ്യ കളിയിലെ ഫോം തുടര്‍ന്നാല്‍ കേരളത്തിന് തിരിഞ്ഞ് നോക്കേണ്ടിവരില്ല. മധ്യനിരയിലെ പിഴവ് പരിഹരിച്ച് ആദ്യകളിയിലെ അതേ ഫോര്‍മേഷനിലാകും കേരളം ഇറങ്ങുക.
ക്യാപ്റ്റന്‍ ടി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള യുവ നിരയിലാണ് ആന്ധ്രയുടെ പ്രതീക്ഷ.