ബൊംബാലിം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കരുത്തരായ പഞ്ചാബിനെതിരെ കേരളത്തിന് ആവേശകരമായ സമനില. കളിയുടെ സിംഹഭാഗവും രണ്ടു ഗോളിന് പിന്നില്‍ നിന്ന കേരളം 89-ാം മിനുട്ടിലും ഇഞ്ചുറി ടൈമിലും അഹ്മദ് പറക്കോട്ടില്‍ നേടിയ ഇരട്ട ഗോളുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ മാഹാരാഷ്ട്രയെ തോല്‍പ്പിച്ച് റെയില്‍വേസ് മൂന്നു മത്സരങ്ങളില്‍ നിന്ന് ആദ്യജയം സ്വന്തമാക്കി.
ഗ്രൂപ്പ് ബി മത്സരത്തില്‍ 42-ാം മിനുട്ടിലാണ് പഞ്ചാബ് ആദ്യ ഗോളടിച്ചത്. കേരള താരം സെറിന്‍ ഷാമിന്റെ സെല്‍ഫ് ഗോളാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്. 56-ാം മിനുട്ടില്‍ അവര്‍ ലീഡുയര്‍ത്തി. അവസാന മിനുട്ടുകളില്‍ പൊരുതിക്കളിച്ച കേരളം അര്‍ഹിച്ച സമനില സ്വന്തമാക്കുകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങള്‍ക്കിടെ രണ്ടാമത്തെ സമനിലയാണ് പഞ്ചാബ് വഴങ്ങിയത്. നേരത്തെ മിസോറമിനെതിരെ അവര്‍ ഗോളടിക്കാതെ പിരിഞ്ഞിരുന്നു. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ വീഴ്ത്തിയ കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.