കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി.
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ആറാം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും, അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. കേരളത്തിന്റെ ഗോള്‍ കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് കേരളത്തിന് തുണയായത്. ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും മിഥുന്‍ തടഞ്ഞിട്ടു.
19-ാം മിനിറ്റില്‍ കേരളം നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തു നി ന്നും പന്തുമായി കുതിച്ച ജിതിന്‍ എം.എസിന് ലക്ഷ്യം തെറ്റിയില്ല. ബംഗാള്‍ ഗോള്‍കീപ്പറെ മറികടന്ന് പന്ത് വലയില്‍ (1-0). 34-ാം മിനിറ്റില്‍ അഫ്ദലിനും 46-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിനും കനകാവസരം കൈവന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
68-ാം മിനിറ്റില്‍ ബംഗാള്‍ സമനില ഗോള്‍ നേടി. ജിതേന്‍ മുര്‍മുവിലൂടെയായിരുന്നു ബംഗാളിന്റെ സമനില ഗോള്‍. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ പത്തു പേരായി ചുരുങ്ങിയ ബംഗാളിനെതിരെ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ കേരളം ലീഡ് നേടി (2-1). വിപിന്‍ തോമസായിരുന്നു ഇത്തവണ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ബംഗാള്‍ താരം തിര്‍തങ്കര്‍ സര്‍ക്കാര്‍ ഫ്രീകിക്കിലൂടെ സമനില നേടി (2-2).
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം നാല് കിക്കും ഗോളാക്കി മാറ്റിയപ്പോള്‍ ബംഗാളിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.
2005ല്‍ ഡല്‍ഹിയിലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 2013ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.
സന്തോഷ മിഥുനം
കൊല്‍ക്കത്ത: 14 വര്‍ഷത്തെ കാത്തിരിപ്പിന് ഈസ്റ്റര്‍ സന്തോഷം. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ ബംഗാളിനെ 6-4ന് കശക്കി കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സാള്‍ട്ട്‌ലെക്കില്‍ പിറന്നത് ചരിത്രം. ഇതിന് മുമ്പ് മൂന്ന് വട്ടം ഫൈനലില്‍ ഷൂട്ടൗട്ട് ദുരന്തത്തില്‍ ബംഗാളിന് മുന്നില്‍ കരഞ്ഞിരുന്നു കേരളം. പക്ഷേ ഇത്തവണ അതുണ്ടായില്ല. നിശ്ചിത സമയത്തും അധികസമയത്തും മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ ടീ ഷൂട്ടൗട്ടില്‍ യഥാര്‍ത്ഥ കരുത്ത് കാട്ടി. പന്ത് പായിച്ച നാല് പേരും ലക്ഷ്യബോധത്തിന്റെ ഉദാത്ത മാതൃകയായപ്പോള്‍ ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ക്കീപ്പര്‍ മിഥുന്‍ കേരളത്തിന്റെ ഹീറോയായി. നട്ടുച്ച സമയത്ത് ആരംഭിച്ച കലാശ പോരാട്ടത്തിന്റെ തുടക്കം ബംഗാളിന്റെ മികവിലായിരുന്നു. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി എം.എസ് ജിതിന്‍ നേടിയ സുന്ദരമായ ഗോള്‍ കേരളത്തിന്റെ കുതിപ്പിനുള്ള ഊര്‍ജ്ജമായി. വൈസ് ക്യാപ്റ്റന്‍ ശ്രീശന്‍ നല്‍കിയ ത്രൂപാസ്. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള കുതിപ്പില്‍ ബംഗാള്‍ ഗോള്‍ക്കീപ്പറുടെ കാലുകള്‍ക്കിടയിലുടെ ഗോള്‍. ആദ്യ പകുതിയില്‍ ആ ഗോള്‍ ആധിപത്യം. പക്ഷേ രണ്ടാം പകുതിയില്‍ എങ്ങനെയെങ്കിലും തിരിച്ചടിക്കുക എന്ന ലക്ഷ്യത്തില്‍ ബംഗാളിന്റെ ആക്രമണം. അതില്‍ ഡിഫന്‍സ് പതറിയപ്പോള്‍ ജിതന്‍ മര്‍മുവിന്റെ സമനില. അധിക സമയത്തും ഊര്‍ജ്ജം സംഭരിച്ച് സബിസ്റ്റിറ്റിയൂട്ട് താരം വിപിന്‍ തോമസിലൂടെ ലീഡ് ഗോള്‍. അതിന് മുമ്പ് റജോന്‍ ബര്‍മന്‍ ചുവപ്പില്‍ പുറത്തായതും കേരളത്തിന് കാര്യങ്ങള്‍ അനുകൂലമാക്കി. ആ ഗോളില്‍ കിരീടത്തില്‍ മുത്തമിടാനിരിക്കെയാണ് അവസാന മിനുട്ടില്‍ തൃത്താന്‍കര്‍ സര്‍ക്കാരിന്റെ ഗോളില്‍ വീണ്ടും സമനില. അതിനിടെ ശ്രീരാഗിന്റെ ഗോള്‍ലൈന്‍ സേവില്‍ കേരളം രക്ഷപ്പെടുന്നതും കണ്ടു. തുടര്‍ന്ന് സമ്മര്‍ദ്ദത്തിന്റെ ഷൂട്ടൗട്ട്. അവിടെ കിക്കെടുത്ത നാല് പേരും നല്ല കുട്ടികളായപ്പോള്‍ മിഥുന്‍ എന്ന കണ്ണൂരുകാരന്‍ ഹീറോയുമായി. അങ്കിത് മുഖര്‍ജിയുടെയും നബി ഹുസൈന്റെയും ഷോട്ടുകള്‍ മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാല്‍, ജസ്റ്റിന്‍ ജോര്‍ജ്ജ്, ശ്രീശന്‍ എന്നിവരുടെ ഷഓട്ടുകല്‍ കൃത്യമായി ലക്ഷ്യത്തിലെത്തി. ബംഗാള്‍ ഇടക്ക് ഗോള്‍ക്കീപ്പറെ മാറ്റിയതും അവരെ തുണച്ചില്ല. കേരളത്തിന്റെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ ശ്രീശന്‍ വന്നപ്പോഴാണ് ബംഗാള്‍ ഗോളിയെ മാറ്റിയത്. പക്ഷേ അതിലൊന്നും വൈസ് ക്യാപ്റ്റന്‍ കുലുങ്ങിയില്ല. അദ്ദേഹത്തിന്റെ ഷോട്ട് ബംഗാളിന്റെ നെഞ്ച് പിളര്‍ത്തി…. പിന്നെയെല്ലാം ചരിത്രം… ആഘോഷം…