കൊല്‍ക്കത്ത: ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ വീറോടെ പൊരുതിയ ബംഗാളിനെ 4-2ന് പരാജയപ്പെടുത്തി കേരളം ആറാമത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. 14 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരളം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 19ാം മിനിറ്റില്‍ എം.എസ്. ജിതിന്‍ നേടിയ ഗോളിലൂടെ കേരളമാണ് മുന്നിലെത്തിയത്. ഏറെ നേരം കേരളം ലീഡ് നിലനിര്‍ത്തിയെങ്കിലും 67ാം മിനിറ്റില്‍ ജിതന്‍ മുര്‍മു നേടിയ ഗോളിലൂടെ ബംഗാള്‍ ഒപ്പമെത്തി.
നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. അധിക സമയത്ത് വിപിന്‍ ദാസ് നേടിയ ഗോളിലൂടെ കേരളം വിജയമുറപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയെങ്കിലും തളരാത്ത പോരാട്ട വീര്യം പ്രകടിപ്പിച്ച ബംഗാള്‍ ഗോള്‍ മടക്കി. തീര്‍ഥങ്കര്‍ സര്‍ക്കാര്‍ മനോഹരമായ ഫ്രീകിക്കിലൂടെ നേടിയ ഗോളിലൂടെ ബംഗാള്‍ സമനില നേടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ ബംഗാളിന്റെ രണ്ട് കിക്കുകള്‍ തടുത്തിയ കേരള ഗോളി മിഥുന്‍ ആണ് മത്സരത്തില്‍ താരമായത്. 2004-ല്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്റെ അവസാന കിരീടം. അന്ന് പഞ്ചാബിനെയാണ് കേരളം ഫൈനലില്‍ തോല്‍പ്പിച്ചത്. 2013-ല്‍ കൊച്ചിയില്‍ ഫൈനലിലെത്തിയെങ്കിലും സര്‍വീസസിനോട് തോല്‍ക്കുകയായിരുന്നു.