X
    Categories: Sports

ആധികാരികം കേരളം ബംഗാളിനെയും കശക്കി

 

കൊല്‍ക്കത്ത: ഇരു ഗോള്‍മുഖത്തും അവസരങ്ങളുടെ വേലിയേറ്റം. ഗോള്‍ക്കീപ്പര്‍മാര്‍ നിരന്തരം പരീക്ഷിക്കപ്പെട്ടു. നിശ്ചിത സമയത്തിന്റെ അവസാന മിനുട്ടില്‍ മാത്രം പന്ത് വലയില്‍ കയറി. ആ പന്തിനെ പിന്തുടര്‍ന്നത് ജിതിനായിരുന്നു. വലത് പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ജിതിന്‍ പെനാല്‍ട്ടി ബോക്‌സിന് സമാന്തരമായി താഴ്ന്ന ക്രോസ് നല്‍കുമ്പോള്‍ ഇടത് പാര്‍ശ്വത്തിലൂടെ കെ.പി രാഹുല്‍ അതേ വേഗതയില്‍ ഓടി വരുന്നുണ്ടായിരുന്നു. ഒരു സില്‍ക്കി ടച്ച്-പന്ത് വലയില്‍ കയറിയപ്പോള്‍ മോഹന്‍ ബഗാന്‍ മൈതാനത്തുണ്ടായിരുന്ന ബംഗാളികള്‍ നിശബ്ദരായിരുന്നു. ആ സുന്ദര ഗോള്‍ വിജയത്തില്‍ ബംഗാളിനെ തോല്‍പ്പിച്ച് അപരാജിത റെക്കോര്‍ഡുമായി കേരളം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമന്മാരായി. രണ്ട് ടീമുകളും നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പാക്കിയതിനാല്‍ മല്‍സരത്തിന്റെ പ്രസക്തി ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കുന്നതില്‍ മാത്രമായിരുന്നു. ഗ്രൂപ്പിലെ രണ്ട് പ്രബലര്‍ തമ്മിലുള്ള അങ്കം പ്രതീക്ഷിക്കപ്പെട്ടത് പോലെ ആവേശകരമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ മെനയുന്നതിലും ആദ്യ പകുതിയില്‍ ബംഗാളായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കേരളം ഒപ്പത്തിനൊപ്പം നിന്നു.
ആറാം മിനുട്ടില്‍ ആദ്യാവസരം ബംഗാളിനായിരുന്നു. കേരളാ പെനാല്‍ട്ടി ബോക്‌സില്‍ കയറിയ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ സന്ദീപ് ഭട്ടാചാര്യ തൊടുത്ത ഷോട്ട് പക്ഷേ പുറത്തേക്കായിരുന്നു. കേരളത്തിന്റെ ആദ്യ അപകടകരമായ നീക്കം പതിമൂന്നാം മിനുട്ടിലായിരുന്നു. ആക്രമിച്ച് കളിച്ച ജിതിന പെനാല്‍ട്ടി ബോക്‌സിന് പുറത്ത് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രി കിക്ക് പക്ഷേ ലിജോക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. മുപ്പത്തിമൂന്നാം മിനുട്ടില്‍ ബംഗാള്‍ ഗോളിന് അരികിലെത്തി.സന്ദീപ് തുടക്കമിട്ട നീക്കത്തില്‍ ബിദ്യാസാഗര്‍ സിംഗ് പെനാല്‍ട്ടി ബോക്‌സ് വരെ കയറിയെത്തി സുജയ് ദത്തക്ക് പന്ത് കൈമാറി. ഗോള്‍ക്കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സുജയ് ദത്തക്ക് പിഴച്ചു. ഇടവേളക്ക് തൊട്ട് മുമ്പ് ബംഗാള്‍ മറ്റൊരു സുവര്‍ണാവസരം കൂടി പാഴാക്കി. സന്ദീപ് തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് വാങ്ങിയ സൗരവ് ദാസ്ഗുപ്ത മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന രാജോണ്‍ ബര്‍മന് പന്ത് കൈമാറുമ്പോള്‍ കേരളാ ഗോള്‍ക്കീപ്പര്‍ അജ്മല്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്നു. പക്ഷേ രാജോണിന്റെ ഷോട്ട് ദുര്‍ബലമായിരുന്നു.
രണ്ടാം പകുതിയിലെ ആദ്യ സുവര്‍ണാവസരം കേരളത്തിനായിരുന്നു. ബംഗാള്‍ ഗോള്‍ക്കീപ്പര്‍ രണജിത് മജുംദാര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജിതിന്റെ ഷോട്ട് പുറത്ത് പോയി. വലത് വിംഗില്‍ നിന്നും ജിതിന്‍ നല്‍കിയ ക്രോസ് സ്വീകരിക്കുന്നതില്‍ അഫ്ദാല്‍ പരാജയപ്പെട്ടതോടെ മറ്റൊരവസരവും കേരളത്തിന് നഷ്ടമായി. എണ്‍പത്തിയൊന്നാം മിനുട്ടില്‍ ബംഗാള്‍ മധ്യനിരക്കാരന്‍ ബിദ്യാസാഗര്‍ സിംഗ് കേരളത്തിന്റെ മൂന്ന് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി പെനാല്‍ട്ടി ബോക്‌സില്‍ കയറി നല്‍കിയ പാസ് സ്വീകരിക്കാന്‍ ബംഗാളിന്റെ മറ്റ് താരങ്ങളാരുമുണ്ടായിരുന്നില്ല. മല്‍സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തിലാണ് രാഹുല്‍ അരങ്ങ് തകര്‍ത്ത് ഗോള്‍ നേടിയത്. നാല് മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റ്് നേടിയ കേരളം ഗ്രൂപ്പില്‍ ഒന്നാമന്മാരായപ്പോല്‍ അത്രയും മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് പോയിന്റാണ് ബംഗാള്‍ സമ്പാദ്യം.
ഗ്രൂപ്പിലെ അപ്രസക്തമായ മറ്റൊരു മല്‍സരത്തില്‍ മഹാരാഷ്ട്ര 7-2 ന് മണിപ്പൂരിനെ തരിപ്പണമാക്കി. ഹാട്രിക് നേടിയ രണ്‍ജിത് സിംഗായിരുന്നു മണിപ്പൂരിന്റെ ഹീറോ. സാഹില്‍ ഭക്‌റെ, നിഖില്‍ പ്രഭു, കിരണ്‍ പന്‍ഡാരെ, നാഖിര്‍ അന്‍സാരി എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി.

chandrika: