മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. ‘മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയില്‍ കൂടി അവരും പോയി എന്നേയുള്ളൂ. സരിതയുടെ സി.ഡി അന്വേഷിച്ചുപോയതൊന്നും ഇവിടാരും മറന്നിട്ടില്ലെന്നു’ം സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മംഗളം ചാനല്‍ പുറത്തുവിട്ട ഏ.കെ ശശീന്ദ്രന്റെ സ്ത്രീയുമൊത്തുള്ള ലൈംഗിക സംഭാഷണത്തിന് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി ലൈംഗിക സംഭാഷണം നടത്തിയെന്നാണ് മംഗളം ചാനല്‍പറയുന്നത്. സംഭവം വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു ഏ.കെ ശശീന്ദ്രന്‍. രാജി കുറ്റസമ്മതമല്ലെന്നും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടേയും ഇടതുസര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രാജി. ഏത് അന്വേഷണം നടത്തുന്നതിനോടും സഹകരിക്കുമെന്നും അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് കീഴ്‌വഴക്കമല്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശശീന്ദ്രന്‍ എത്തിയിരുന്നു. വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പിനെ മികച്ച രീതിയില്‍ എത്തിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശശീന്ദ്രന്‍ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് തിരിച്ചത്.