X

സാന്റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് ഹിന്ദുത്വവാദികള്‍; വീഡിയോ

ഭോപാൽ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്.

ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് സാന്‍റാക്ലോസ് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനുവേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞു. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

webdesk14: