പ്രൊഫ. മൊയ്തീന്‍ കുട്ടി
ബഹുഭാഷ/ബഹുസംസ്‌കൃതി എന്ന വിചാരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷതയാണ്. ബഹുഭാഷാ സംവിധാനത്തെ കുറിച്ചു സംസാരിക്കുന്ന അതേ ശ്വാസത്തില്‍തന്നെ, സംസ്‌കൃതത്തിന്റെ പൈതൃകവും പൗരാണികതയും ശാസ്ത്രീയതയും സാംസ്‌കാരിക തനിമയും മറ്റും പരിഗണിച്ച് സംസ്‌കൃത പ്രാത്സാഹനാര്‍ത്ഥം സ്‌കൂള്‍ തലം മുതല്‍ യൂണിവേഴ്‌സിറ്റി ഇടം വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംസ്‌കൃത പഠന സൗകര്യം ഒരുക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയരേഖ നിഷ്‌കര്‍ഷിക്കുന്നു. നയരേഖ കൃത്യമായാണ് സംസ്‌കൃതത്തിനായി പാത വെട്ടുന്നത്. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ പൗരാണികവും സനാതനവുമായ ജ്ഞാനവും ചിന്തയും വിദ്യാഭ്യാസ നയത്തിന്റെ മാര്‍ഗരേഖയായിരിക്കും. പ്രാചീന ഭാരതത്തില്‍ വിദ്യാഭ്യാസമെന്നത് ജീവിക്കാനുള്ള മുന്നൊരുക്കം എന്ന നിലയിലല്ല അഹത്തിന്റെ പൂര്‍ണമായ സാക്ഷാത്കാരം എന്ന നിലയിലാണ് കാണപ്പെട്ടിരുന്നത്. മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിന്റെ ലോകോത്തര മാതൃകകളാണ് തക്ഷശില, നളന്ദ, വിക്രമശില, വല്ലഭി എന്നിവ. ചരകന്‍, സുശ്രുതന്‍, ആര്യഭടന്‍, വരാഹമിഹിരന്‍, ഭാസ്‌കരാചാര്യന്‍, ബ്രഹ്മഗുപ്തന്‍, ചാണക്യന്‍, ചക്രപാണി ദത്ത, മാധവ, പാണിനി, പതജ്ഞലി, നാഗാര്‍ജ്ജുന, ഗൗതമന്‍ മുതലായവര്‍ സംസ്‌കൃത ഭാഷയിലൂടെ ലോക വിജ്ഞാന ശാഖകള്‍ക്ക് നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകളെ ഓര്‍ത്തുകൊണ്ടാണ് ഇന്ത്യയുടെ സമ്പന്ന പൈതൃകത്തെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന കാര്യം ആലോചിക്കുന്നത്. ഈ മഹദ് വ്യക്തിത്വങ്ങളും പ്രശസ്ത സ്ഥാപനങ്ങളും സംസ്‌കൃത ഭാഷ അവലംബമാക്കി ലോകത്തിനു മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ത്രിഭാഷാപദ്ധതിക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിനും അപ്പുറം പഴക്കമുണ്ട്. 1968 ലും 86 ലും ത്രിഭാഷാ പദ്ധതിയോടൊപ്പം സംസ്‌കൃത പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. പ്രാദേശിക/മാതൃഭാഷയുടെ കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. മതദേശീയവാദി പോലും ഇംഗ്ലീഷ് ഒഴിവാക്കി സംസ്‌കൃതം പഠിക്കണമെന്ന് സ്വന്തം കാര്യത്തിലെങ്കിലും തീരുമാനിക്കില്ല. പിന്നെ തീരുമാനമെടുക്കാന്‍ ബാക്കിയാകുന്നത് ഒരു ഭാഷയാണ്. അതു സംസ്‌കൃതം വേണോ തെക്കേ ഇന്ത്യന്‍ ഭാഷ വേണോ എന്നു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഹിന്ദി വേണോ സംസ്‌കൃതം വേണോ എന്നു തെക്കേ ഇന്ത്യന്‍/അഹിന്ദി പ്രദേശങ്ങള്‍ക്കും തീരുമാനിക്കാം. ഇന്ത്യയുടെ ഭാഷകളുടെ മാതാവായ സംസ്‌കൃതത്തെ സ്വീകരിക്കണോ ആധുനിക ഭാഷയായ ഹിന്ദി കൊള്ളണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ട്. സംസ്ഥാനങ്ങളുടെ ഭാഷാ നയമായിരിക്കും സംസ്‌കൃതത്തിന്റെ ഭാവി തീരുമാനിക്കുക.
എല്ലാ ഭാഷയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ പഠിപ്പിക്കും എന്നും ഒരു ഭാഷ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും അതു ബോധന മാധ്യമായിരിക്കേണ്ടതില്ല എന്നും വിശാലമായ കാഴ്ചപ്പാട് വെച്ച്പുലര്‍ത്തുമ്പോഴും സംസ്‌കൃതത്തിനു മുന്തിയ പരിലാളന ലഭിക്കും. രാജ്യത്തുടനീളമുള്ള എല്ലാ ഭാഷകള്‍ക്കും പ്രത്യേകിച്ച് എട്ടാം ഷെഡ്യൂളിലെ ഭാഷകള്‍ക്കായി ധാരാളം ഭാഷാ അധ്യാപകരെ നിയമിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വലിയ ശ്രമം നടത്തണം എന്ന നിര്‍ദേശം കടലാസില്‍ ഒതുങ്ങില്ലായിരിക്കും.
ത്രിഭാഷാ സമവാക്യം വളരെ അയവുള്ളതായിരിക്കും എന്നു പ്രഖ്യാപിക്കുന്നവരും ഒരു ഭാഷയും സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കില്ല എന്നു പറയുന്നവരും തന്നെയാണ് വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന മൂന്നില്‍ രണ്ടു ഭാഷ ഇന്ത്യന്‍ ഭാഷ ആയിരിക്കണമെന്നു എഴുതി പിടിപ്പിച്ചിട്ടുള്ളത്. അഥവാ കേരളം പോലുള്ള സംസ്ഥാനത്ത് ബെഗേഴ്‌സ് ചോയിസ് ആണ് നടപ്പാകുക എന്നര്‍ത്ഥം. ബന്ധ ഭാഷ ഇംഗ്ലീഷ്, മാതൃഭാഷ മലയാളം, വടക്കേ ഇന്ത്യന്‍ ഭാഷ ഹിന്ദി. ത്രിഭാഷാ പദ്ധതിയുടെ ലളിതയുക്തി ഇതാണ്.
ഇന്ത്യയിലെ സംസ്‌കൃതം അടക്കമുള്ള ശ്രേഷ്ഠ ഭാഷകളും സാഹിത്യവും പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സര്‍വകലാശാലകളും വിപുലീകരിക്കും. രാജ്യത്തുള്ള എല്ലാ സംസ്‌കൃത വകുപ്പുകളും സ്ഥാപനങ്ങളും ശക്തിപ്പെടുത്തുമെന്നും നയരേഖ വ്യക്തമാക്കുന്നു. സംസ്‌കൃതത്തിന്റെ സാംസ്‌കാരിക പ്രാധാന്യവും അതിന്റെ ശാസ്ത്രീയ സ്വഭാവവും കണക്കിലെടുത്ത് സംസ്‌കൃത പാഠശാലകള്‍ക്കും സര്‍വകലാശാലകള്‍ക്കുംപുറമെ മുഖ്യധാരാ വിഷയങ്ങളില്‍ ഒന്നാക്കാനായി സ്‌കൂളില്‍ ത്രിഭാഷാ പദ്ധതിയിലെ ഭാഷകളില്‍ ഒന്നായി സംസ്‌കൃതം ഉള്‍പ്പെടുത്താനും അതിനോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിലും സംസ്‌കൃതത്തിനു പ്രാധാന്യം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുറച്ചിട്ടുണ്ട്.
എട്ടാം ഷെഡ്യൂളിലെ സംസ്‌കൃതം അടക്കമുള്ള ഭാഷകള്‍ക്കായി അക്കാദമികള്‍ സ്ഥാപിക്കുന്നതോടെ കൂടുതല്‍ സംസ്‌കൃത വ്യാപനവും പ്രചാരണവും സാധ്യമാകും. സംസ്‌കൃത ഭാഷാ സാഹിത്യ ഗവേഷണങ്ങള്‍ക്കായി ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ നിധിയില്‍ (നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍) ഫണ്ടില്‍ നിന്നും സഹായം ലഭിക്കും. ഭാഷാ പഠനത്തിനായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും പ്രോത്സാഹജനകമാണ്. നിഘണ്ടു നിര്‍മ്മാണവും ഇന്ത്യന്‍ ഭാഷകളുടെ മാതാവാണ് സംസ്‌കൃതമെന്ന സമീപനവും സംസ്‌കൃത പഠനത്തെ വ്യാപകമാക്കിയേക്കാം.
ദേശീയ വിദ്യാഭ്യാസ നയം സംസ്‌കൃത പഠന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സവിശേഷ ശ്രദ്ധ ചെലുത്തിയുണ്ടെന്നു ചുരുക്കം. ആഗോള തലത്തില്‍ നിര്‍മ്മിത ബുദ്ധിയും യന്ത്രവിവര്‍ത്തനവും കൊടികുത്തി വാഴുന്ന ഡിജിറ്റല്‍ ലോകത്ത് സംസ്‌കൃതത്തിന്റെ ഭാവി നിശ്ചയിക്കുക ദേശീയ വായ്ത്താരികളും സംസ്‌കൃതത്തിന്റെ ബുദ്ധി വികസന സാധ്യതാ പ്രഘോഷണങ്ങളുമായിരിക്കില്ല. അതേസമയം വേദ മന്ത്രങ്ങളുടെ പരിമിത ആചാര പരിസരത്തുനിന്നും ജീവല്‍ ഭാഷയുടെ സജീവ സാന്നിധ്യത്തിലേക്ക് വിദ്യാഭ്യാസ മേഖലയിലൂടെ സംസ്‌കൃതത്തെ കൈപിടിച്ചു നടത്താനുള്ള ശ്രമം അധ്യാപക/അനുബന്ധ തസ്തികകള്‍ സൃഷ്ടിക്കും.