തിരുവനന്തപുരം: ഡ്രസിങ് റൂമിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് താക്കീത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സഞ്ജുവിന്റെ അച്ഛനെ കെ.സി.എ വിലക്കുകയും ചെയ്തു. കെ.സി.എ നിയോഗിച്ച അന്വേഷണ കമ്മീഷന്റെതാണ് നടപടി. ഇതോടെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ് കോച്ചുമായും കെ.സി.എ ഭാരവാഹികളുമായും ഇടപഴകാന്‍ പാടില്ല, അനുവാദമില്ലാതെ പരിശീലന വേദി, കളിസ്ഥലം എന്നിവിടങ്ങളില്‍ പ്രവേശിക്കാനും പാടില്ല.
സഞ്ജുവും അച്ഛന്‍ സാംസണും തെറ്റുപറ്റിയെന്ന് എഴുതി നല്‍കിയെന്ന് കെ.സി.എ പറഞ്ഞു. തെറ്റു ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ താരത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലായിരുന്നു അന്വേഷണ കമ്മീഷന്‍. എന്നാല്‍ സഞ്ജു ടീമിലെ മുതിര്‍ന്ന താരമാണെങ്കിലും അച്ചടക്കം പ്രധാനമാണെന്ന സന്ദേശം പുതിയ തലമുറയ്ക്ക് നല്‍കാനും മുന്നറിയിപ്പെന്ന നിലയിലും അച്ചടക്ക നടപടി പൂര്‍ണമായും ഒഴിവാക്കരുതെന്ന അഭിപ്രായമായിരുന്നു കെസിഎ സെന്‍ട്രല്‍ കൗണ്‍സിലിന്റേത്.
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടെയാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് അച്ചടക്ക ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഔട്ടായതിന് പിന്നാലെ ഡ്രസിങ് റൂം വിട്ട് പോവുകയും ഭാരവാഹികളോട് മോശായി പെരുമാറിയെന്നുമാണ് പരാതി. മോശം ഫോമിന് പിന്നാലെ അദ്ദേഹത്തെ ചില മത്സരങ്ങളില്‍ നിന്ന് പുറത്തിരുത്തുകയും ചെയ്തിരുന്നു. ഇതാണ് സഞ്ജുവിന്റെ അച്ഛന്‍ സാംസണെ പ്രകോപിപ്പിച്ചത്. അദ്ദേഹം പരിശീലനകനോട് കയര്‍ത്തു സംസാരിച്ചെന്നാണ് ആരോപണം.