X

സഞ്ജുവിനെതിരായ ആരോപണം: മറുപടിയുമായി സഞ്ജുവിന്റെ പിതാവ്

കൊച്ചി: ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരായ അച്ചടക്ക നടപടിയില്‍ മറുപടിയുമായി സഞ്ജുവിന്റെ പിതാവ് രംഗത്ത്. കളികഴിഞ്ഞെത്തിയ സഞ്ജു ഡ്രസ്സിംഗ് റൂമില്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് സഞ്ജുവിനെതിരായ പരാതി. സംഭവത്തില്‍ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

സഞ്ജുവിനെ കെസിഎ സഹായിച്ചില്ലെന്ന് പിതാവ് സാംസണ്‍ പറഞ്ഞു. കാല്‍മുട്ടിലെ പരിക്ക് ചികിത്സിക്കാന്‍ അനുമതി നല്‍കിയില്ല. ചികിത്സാ ചിലവ് വഹിക്കാന്‍ തയ്യാറായില്ലെന്നും സാംസണ്‍ പറഞ്ഞു. പെരുമാറ്റത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ഡ്രസ്സിംഗ് റൂമിലുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും പിതാവ് പ്രതികരിച്ചു.

താരത്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടുനിന്നുവെന്നും ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമാണ് അന്വേഷണത്തിനാധാരം. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ അസഭ്യം പറഞ്ഞുവെന്ന പരാതിയും അന്വേഷിക്കും.

ഗോവക്കെതിരായ മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. ഔട്ടായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ സഞ്ജു ബാറ്റ് എറിയുകയായിരുന്നുവത്രെ. ഈ രഞ്ജി സീസണില്‍ ജമ്മുകശ്മീരിനെതിരായ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് തിളങ്ങാനായിരുന്നത്. പിന്നീടുള്ള മത്സരങ്ങളില്‍ പെട്ടെന്ന് പുറത്താവുകയായിരുന്നു. ത്രിപുരക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്തിരുത്തുകയും ചെയ്തു. ജമ്മു കശ്മീരിനെതിരായ 154 റണ്‍സാണ് സഞ്ജുവിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. പിന്നീടുള്ള മത്സരങ്ങളില്‍ ഒരൊറ്റ അര്‍ദ്ധ സെഞ്ച്വറി പോലും സഞ്ജുവിന് നേടാനായില്ല. ആഡ്രാപ്രദേശിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഏഴ് റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. തുടര്‍ന്നാണ് ത്രിപുരക്കെതിരായ മത്സരത്തില്‍ നിന്ന് സഞ്ജുവിനെ പുറത്തിരുത്തിയത്.

chandrika: