ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. അഭിഷേക് ശര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്.
അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.