മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ സഞ്ജു സാംസണ്‍ നടത്തിയ സംഭാഷണം വൈറലാകുന്നു. സാഗര്‍ പ്രദേശ് ഉദേഷിയുടെ ഓവറിലായിരുന്നു സഞ്ജുവിന്റെ സംഭാഷണം. ‘കൊടുക്കട്ടെ ഞാനൊന്ന്, ജാഡ കാണിക്കുന്നത് കണ്ടില്ലേ’ എന്നായിരുന്നു സഞ്ജു പറഞ്ഞത്.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ജയത്തുടക്കം. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ പുതുച്ചേരിയെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 4 ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് പോണ്ടിച്ചേരിയെ തകര്‍ത്തത്. 32 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍.
7 വര്‍ഷത്തിനു ശേഷം ക്രിക്കറ്റ് മൈതാനത്തെത്തിയ ശ്രീശാന്ത് തന്റെ പഴയ കഴിവുകള്‍ എവിടെയും പോയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടാണ് പന്തെറിഞ്ഞത്. 4 ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശ്രീ മറ്റ് രണ്ട് പേസര്‍മാരെക്കാള്‍ മികച്ചുനിന്നു.
ഏഴാം നമ്പറിലിറങ്ങി 33 റണ്‍സെടുത്ത അഷിത് രാജീവ് ആണ് പുതുച്ചേരിയുടെ ടോപ്പ് സ്‌കോറര്‍. ശ്രീശാന്തിനൊപ്പം കേരളത്തിനായി കെഎം ആസിഫും ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റോബിന്‍ ഉത്തപ്പയും (21), മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയില്‍ വിക്കറ്റുകള്‍ വേഗം നഷ്ടപ്പെട്ടത് കേരളത്തിന്റെ ജയം വൈകിപ്പിച്ചു. സഞ്ജു നന്നായി കളിച്ചെങ്കിലും മികച്ച ഒരു ക്യാച്ചിലൂടെ വിഗ്‌നേശ്വരന്‍ മാരിമുത്തു പുറത്താക്കുകയായിരുന്നു. സല്‍മാന്‍ നിസാര്‍ (20), വിഷ്ണു വിനോദ് (11) എന്നിവര്‍ ചേര്‍ന്നാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. പോണ്ടിച്ചേരിയുടെ ടോപ്പ് സ്‌കോററായ അഷിത് രാജീവ് 3 വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങി.