രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തില്‍ കേരളം പൊരുതുന്നു. സെഞ്ചുറിയോടെ സഞ്ജു സാംസണ്‍ കളം നിറഞ്ഞ മത്സരത്തില്‍ ആദ്യ ദിനം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് കേരളം നേടിയത്. 251 പന്തില്‍ പുറത്താകാതെ 129 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ജമ്മുകശ്മീര്‍ ആഗ്രഹിച്ച പോലെയായിരുന്നു ആദ്യം കാര്യങ്ങള്‍. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീണു. ഓപണര്‍ ഭവിന്‍ തക്കറും(4) കഴിഞ്ഞ സീസണിലെ ഹീറോ രോഹന്‍ പ്രേമും(1) വീണു. ഓപണര്‍ ജലജ് സക്‌സേനയും(69) സഞ്ജുവും ചേര്‍ന്ന് പിന്നീട് രക്ഷാ പ്രവര്‍ത്തനം. മൂന്നാം വിക്കറ്റില്‍ ഇരുവരും 97 റണ്‍ കൂട്ടിച്ചേര്‍ത്തു. സമിയുള്ള ബേഗിന്റെ പന്തില്‍ പ്രണവ് ഗുപ്തക്ക് പിടിനല്‍കി സക്‌സേന പുറത്താവുമ്പോള്‍ കേരളം 160-3. അതേ സ്‌കോറില്‍ സച്ചിന്‍ ബേബിയും വീണു.
തളരാതെ പൊരുതിയ മുന്‍ ക്യാപ്റ്റന്‍ മധ്യനിരക്കാരായ ഇഖ്ബാല്‍ അബ്ദുല്ല (14), കെഎം മോനിഷ് (14) എന്നിവരെ കൂട്ടുപിടിച്ച് കേരള സ്‌കോര്‍ മുന്നോട്ടു നയിച്ചു. ആദ്യദിനമവസാനിക്കുമ്പോള്‍ മനുകൃഷ്ണനാണ് (6) സഞ്ജുവിന് കൂട്ട്. ഇതിനകം സഞ്ജു 19 ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചു.
കശ്മീരിനായി സ്പിന്നര്‍ സമിയുള്ള ബെയ്ഗ് നാലു വിക്കറ്റ് വീഴ്ത്തി. ബൗളിങിനെ തുണക്കുന്ന പിച്ചില്‍ നാളെ പരമാവധി റണ്‍ കണ്ടെത്താനായിരിക്കും കേരളത്തിന്റെ ശ്രമം.