X

ഇംഗ്ലണ്ടിനെതിരായ ട്വന്റി20: സഞ്ജു പുറത്ത്; ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ടീമില്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 അംഗ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായി. ടെസ്റ്റ് മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിച്ചു.

മുംബൈ താരം സൂര്യകുമാര്‍ യാദവ്, രാജസ്ഥാന്‍ റോയല്‍സിലൂടെ ശ്രദ്ധേയനായ രാഹുല്‍ തെവാത്തിയ എന്നിവര്‍ക്കും ആദ്യമായി ദേശീയ ടീമില്‍ ഇടംലഭിച്ചു. ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങളാണ് ഇരുവര്‍ക്കും സീനിയര്‍ ടീമിലേക്ക് വഴികാട്ടിയത്. മാര്‍ച്ച് 12 മുതലാണ് അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി20 പരമ്പര ആരംഭിക്കുക.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചശേഷം പരുക്കുമൂലം പുറത്തായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് സിലക്ടര്‍മാര്‍ ടീമില്‍ ഇടംനല്‍കി. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ വരവറിയിച്ച തമിഴ്‌നാട് താരം ടി.നടരാജന്‍, അക്‌സര്‍ പട്ടേല്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച സിലക്ടര്‍മാര്‍, പരുക്കിന്റെ നിഴലിലുള്ള മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. അതേസമയം, പരുക്കുമൂലം പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തി. സഞ്ജു സാംസണിനു പുറമെ പരുക്കുള്ള മനീഷ് പാണ്ഡെ, ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ തുടങ്ങിയവരും ടീമിനു പുറത്തായി.

ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചെഹല്‍, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ, ടി.നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍

 

Test User: