ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 റണ്‍സ് വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ഒന്നാം ഏകദിനത്തിലാണ് ഇന്ത്യക്ക് തോല്‍വി. സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ പൊരുതിക്കളിച്ചിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇന്ത്യന്‍ പോരാട്ടം 240 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങിയത് സഞ്ജു സാംസണും ശ്രേയസ് അയ്യരുമാണ്. അര്‍ധസെഞ്ചുറി നേടിയ സഞ്ജു 63 പന്തില്‍ 86 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ 37പന്തില്‍ 50 റണ്‍സും നേടി.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ നാലും ശുഭ്മാന്‍ ഗില്‍ മൂന്നും റണ്‍സ് മാത്രമാണ് നേടിയത്. റുതുരാജ് ഗെയ്ക്ക് വാദ് 19 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 20 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 249 റണ്‍സാണ് കരസ്ഥമാക്കിയത്. മഴമൂലം വൈകി ആരംഭിച്ച മത്സരം 40 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്ക് 48 റണ്‍സും മലാന്‍ 22 റണ്‍സും നേടി. ഹെന്‍ട്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്നുള്ള മികച്ച കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കക്ക് കരുത്ത് നല്‍കിയത്. ഇരുവരും അര്‍ധശതകം നേടി. മില്ലര്‍ 75 ഉം ക്ലാസന്‍ 74ഉം റണ്‍സാണ് നേടിയത്.
രണ്ടുവിക്കറ്റ് നേടിയ ഷര്‍ദുല്‍ താക്കൂറാണ് ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മുഹമ്മദ് സിറാജ് 49 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റും നേടിയില്ല. 51 റണ്‍സ് വിട്ടു നല്‍കിയ ആവേശ് ഖാനും വിക്കറ്റൊന്നും കണ്ടെത്താനായില്ല.