അഹമ്മദബാദ്: അദ്ദേഹമാണ് ഞങ്ങള്‍ക്ക് വിശ്വസിക്കാനുള്ള കരുത്ത് നല്‍കിയത്-വാക്കുകള്‍ ജോസ് ബട്‌ലറുടേത്. സംസാരിക്കുന്നത് ഷെയിന്‍ വോണിനെക്കുറിച്ച്. 2008 ലെ പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിച്ച വോണ്‍ ഇന്ന് ഭൂമുഖത്തില്ല.
പക്ഷേ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിദ്ദ്യം ടീമിനൊപ്പമുണ്ടെന്നാണ് ബട്‌ലറും നായകന്‍ സഞ്ജുവും പറയുന്നത്. സീസണില്‍ നാല് സെഞ്ച്വറികള്‍ സ്വന്തമാക്കി ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ബട്‌ലര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന ആദ്യ ചോദ്യം തന്നെ വോണിനെക്കുറിച്ചായിരുന്നു. വോണ്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇന്ന് അഹമ്മദാബാദിലെത്തുമായിരുന്നു എന്നുറപ്പ്. അത്രമാത്രം രാജസ്ഥാന്‍ രക്തമാണ് അദ്ദേഹത്തിന്റേത്. നായകന്‍, കോച്ച്, മെന്റര്‍ തുടങ്ങി ദീര്‍ഘകാലം ടീമിന്റെ ഭാഗമായിരുന്നു ഓസ്‌ട്രേലിയക്കാരന്‍. ഇന്ന് രാജസ്ഥാന്‍ അവസാന അങ്കത്തിനിറങ്ങുന്നത് വോണിനുള്ള ഉപഹാരം നല്‍കാനാണ്.
ലോകോത്തര സ്പിന്നറുടെ പിന്‍ഗാമികളായി ആര്‍.അശ്വിനും യുസവേന്ദ്ര ചാഹലും ടീമിലുണ്ട്. ഈ രണ്ട് സ്പിന്നര്‍മാരും മുന്‍ഗാമിയെ ബഹുമാനിക്കുന്നവരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഗ്യാലറിയില്‍ വോണിന്റെ ചിത്രങ്ങളുമായാണ് ഫാന്‍സ് എത്തിയതും.